ചാത്തന്നൂരിൽ പട്ടാപ്പകൽ നടുറോഡിൽ വച്ച് യുവാവിന് ക്രൂരമർദനം. പ്രസാദ് എന്നയാൾക്കാണ് ക്രൂര മർദനമേറ്റത്. സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം ആണ് കയ്യാങ്കളിയിലേക്കെത്തിയത്.രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടുറോഡിൽ വച്ച് മൂന്ന് പേർ ചേർന്ന് പ്രസാദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പ്രസാദ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചാത്തന്നൂർ സ്വദേശികളായ ഷെഹനാസ്, സുൽഫി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.അഞ്ചാം തിയതി വൈകിട്ടോടെയാണ് സംഭവം നടന്നത്. മർദിച്ചവരിൽ രണ്ടുപേർ സ്വകാര്യ ബസ് ഉടമകളും ഒരാൾ ബസിലെ ജീവനക്കാരനുമാണ്.മർദ്ദനമേറ്റ ആളും മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരനാണ് . ബസിന്റെ സമയക്രമത്തെ ചൊല്ലി തർക്കങ്ങൾ നേരത്തേ നിലനിന്നിരുന്നു. ഇതിനെ തുടർന്നാണ് മർദ്ദനമുണ്ടായതെന്നാണ് പൊലീസ് അറിയിച്ചത്.
പ്രതികൾ ആദ്യം പ്രസാദിന്റെ തലയ്ക്ക് അടിക്കുന്നു.തുടർന്ന് ശരീരമാസകലം മർദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവത്തിൽ ചാത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താൻ ജോലി ചെയ്യുന്ന സ്വകാര്യ ബസിലെയും മർദിച്ചവരുടെ ബസിലെയും ജീവനക്കാർ തമ്മിൽ തർക്കമുണ്ടായിരുന്നെന്നും. അതിന്റെ പേരിലാണ് തന്നെ മർദിച്ചത് എന്നുമാണ് പ്രസാദ് പ്രതികരിച്ചത്.