ഭാര്യയെ വിൽക്കുന്ന ഭർത്താവ് : ഇതെന്ത് കലികാലം !

0
169

പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇതിനിടെ വിദേശത്തേക്ക് കടന്ന ഒരാളെ തിരികെ എത്തിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇനി രണ്ടുപേര്‍ കൂടിയാണ് പിടിയിലാവാനുള്ളത്. പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.ഇതിന്റെ അടിസ്ഥാനത്തിലാണ് പങ്കാളികളെ കൈമാറുന്ന സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. കപ്പിള്‍ മീറ്റ് അപ്പ് എന്ന ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവര്‍ത്തനം നടന്നിരുന്നതെന്ന് പൊലിസ് പറഞ്ഞു.

വിവിധ ഗ്രൂപ്പുകളിലായി ആയിരത്തോളം ദമ്പതികളാണുള്ളത്. ഇത്തരത്തിലുള്ള ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതാണ് പതിവ്. വ്യാജ പേരുകളിലാണ് ഇവര്‍ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തനം നടത്തുന്നത്. 31, 27 എന്ന പേരിലുള്ള അക്കൗണ്ട് ആണെങ്കില്‍ അതിനര്‍ത്ഥം 31 വയസുള്ള ഭര്‍ത്താവും 27 വയസുള്ള ഭാര്യയുമാണെന്നാണ്. ഇത്തരത്തിലുള്ള ഗ്രൂപ്പുകളില്‍ ഭാര്യാഭര്‍ത്തക്കന്മാര്‍ മാത്രമല്ല ഉള്ളത്. കമിതാക്കളും ഉള്‍പ്പെടുന്നുണ്ട്.

നിലവില്‍ പിടിയിലായവര്‍ക്കെതിരെ ബലാത്സംഗം, പ്രേരണ കുറ്റം, പ്രേരകന്റെ സാന്നിധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പണം വാങ്ങിയാണ് ഭാര്യമാരെ പര്സപരം കൈമാറികൊണ്ടിരുന്നത്. വലിയ സംഘങ്ങളാണ് ഇതിന് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ 25 പേരാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരും ഈ സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

അന്വേഷണം സംസ്ഥാന വ്യാപകമായി വിപുലപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. വൈഫ് സ്വാപ്പിങ് പലപ്പോഴും വിവാദവും കേസും വാർത്തയുമൊക്കെയായി മാറിയിട്ടുണ്ട്. 2013ൽ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തിൽ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മേൽ ഉദ്യോഗസ്ഥർക്ക് തന്നെ ഭർത്താവ് കാഴ്ചവെച്ചുവെന്ന പരാതിയുമായി ലഫ്റ്റനന്റ് കേണലിന്റെ ഭാര്യ രംഗത്തെത്തിയത് വലിയ കോളിളക്കമുണ്ടായിരുന്നു. ഇവരുടെ പരാതി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുകയും പത്തുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു.

എന്നാൽ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. സിബിഐ അന്വേഷണം എന്ന ആവശ്യം സുപ്രീം കോടതി തള്ളിക്കളയുകയും ചെയ്തു.2011ൽ ബംഗളുരുവിൽ നടന്ന വൈഫ് സ്വാപ്പിങ് പുറംലോകം അറിഞ്ഞത് മലയാളിയായ യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ്. തവനൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ബംഗളൂരു എച്ച്.എം ഫാം റോഡിലെ ദസറഹള്ളി സ്വദേശിയും സുഹൃത്തും അറസ്റ്റിലായിരുന്നു. കായംകുളത്തും മുമ്പും സമാനപരാതി ഉയർന്നു.

2019-ലായിരുന്നു ഈ സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നൽകിയ പരാതിയിലാണ് അന്നും പൊലീസ് അന്വേഷണം നടത്തിയത്. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി രണ്ടുപേരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും വീണ്ടും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി.