പുതുപ്പള്ളിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി !

0
192

കോട്ടയത്ത്  ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെയാണ് ഭാര്യ റോസന്ന വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. റോസന്നയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ബന്ധുക്കളും അയല്‍ക്കാരും പറയുന്നു. കൊലപാതകം നടത്തിയ ശേഷം ഇവര്‍ ആറുവയസുകാരനായ മകനൊപ്പം വീട് വിട്ടിറങ്ങുകയായിരുന്നു .

ഇന്ന്പുലർച്ചെ അഞ്ചരയോടെ നടന്ന സംഭവം ഏറെ വൈകിയാണ് പുറത്തറിഞ്ഞത്. പുതുപ്പള്ളി  പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വിട്ടിലായിരുന്നു കൊലപാതകം നടന്നത് .  മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന റോസന്ന  ഇടയ്ക്കിടെ വീട് വിട്ടുപോകുന്നത് പതിവായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതിന് ദൃക്സാക്ഷികളുണ്ട്.

രാവിലെ എട്ടരയായിട്ടും വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാതിരുന്നതോടെ  സംശയം തോന്നിയ അയൽക്കാർ  അകത്ത് പ്രവേശിച്ച് പരിശോധിക്കുകയായിരുന്നു . തുടര്‍ന്നാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സിജിയെ കണ്ടത്. നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തെയും പോലീസിനെയും വിവരം അറിയിച്ചു. പഞ്ചായത്ത് അംഗം ശാന്തമ്മയും ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ളള പോലീസ് സംഘവും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. വീടുവിട്ടുപോയ റോസന്നയെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

അഗതിമന്ദിരത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ സിജി വിവാഹം കഴിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. .മാനസിക പ്രശ്‌നങ്ങളുള്ള റോസന്നയ്ക്ക് ഒപ്പം കുട്ടിയുള്ളത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എത്രയുംവേഗം റോസന്നയെ കണ്ടെത്താനാണ് പോലീസ് അന്വേഷണം നടത്തുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി .