കൊല്ലത്തെ സ്ത്രീധനപീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിൽ കേസിലെ പ്രതിയായ കിരൺകുമാർ സുപ്രീംകോടതിയെ സമീപിച്ചു.
കേസിലെ ഭൂരിഭാഗം സാക്ഷികളും വിസ്മയയുടെ ബന്ധുക്കളാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും ആരോപിച്ചാണ് കിരൺ കുമാർ അപ്പീൽ നൽകിയിരിക്കുന്നത്. തന്റെ വാദം തെളിയിക്കാൻ അവസരം ലഭിച്ചില്ലെന്നും താനും വിസ്മയയും തമ്മിലുള്ള അടുപ്പം തെളിയിക്കുന്നതാണ് മൊബൈൽ ഫോണിലെ ഫോട്ടോകളും വീഡിയോകളുമെന്നും അപ്പീലിൽ പറയുന്നു.
പൊലീസ് ഫോട്ടോയും വീഡിയോയുമെല്ലാം കണ്ടെങ്കിലും തന്നെ പ്രതിയാക്കാനുള്ള വ്യഗ്രതയിൽ ബോധപൂർവം അവഗണിച്ചു. ടിക്ടോക്കിൽ സജീവമായിരുന്ന താൻ അറിയപ്പെടുന്ന ആളായതിനാൽ മാധ്യമവിചാരണയ്ക്ക് ഇരയായെന്നും മുമ്പ് ഒരു കേസിലും പ്രതിയായിട്ടില്ലെന്നും അപ്പീലിൽ പറയുന്നു.
സർക്കാർ ഉദ്യോഗസ്ഥനല്ലാത്ത തനിക്ക് നിലവിൽ സാക്ഷികളെ സ്വാധീനിക്കാൻ കഴിയില്ലെന്നും വിചാരണ തീരുവോളം ജയിലിൽ കഴിയേണ്ടതില്ലെന്നും അപ്പീലിൽ പറയുന്നുണ്ട് .സംഭവത്തിൽ അറസ്റ്റിലായതോടെ കിരൺ കുമാറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ കുമാർ. കിരൺ കുമാറിന് ഇനി സർക്കാർ ജോലിയോ പെൻഷനോ ലഭിക്കില്ല. സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു സർക്കാർ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് സംസ്ഥാനത്ത് ആദ്യമായിട്ടാണ്.
ജൂൺ 21നാണ് വിസ്മയയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.