മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു.ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന വാവയെ ഐസിയുവില്‍ നിന്ന് മാറ്റി.വാവ സുരേഷ് ഓര്‍മശക്തിയും സംസാരശേഷിയും പൂര്‍ണ്ണമായും വീണ്ടെടുത്തതായും ആശുപത്രി അധികൃതർ അറിയിച്ചു .ഉച്ചയ്ക്ക് ശേഷം വാവ സുരേഷിനെ നടത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സംസാരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ഡോക്ടര്‍മാരുടെ ചോദ്യത്തിന് സുരേഷ് കൃത്യമായി മറുപടി നല്‍കിയത് തലച്ചോറിലേക്കുള്ള രക്തഓട്ടം സാധാരണ നിലയിലായതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന സുരേഷിന്റെ നില ബുധനാഴ്ച ഉച്ചയോടെയാണ് കാര്യമായി മെച്ചപ്പെട്ടു തുടങ്ങിയത്. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന ആറംഗ വിദഗ്ദ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച കോട്ടയം കുറിച്ചിയില്‍ വച്ച് പിടികൂടിയ മൂർഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയിൽ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച് വേർപെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ വാവ സുരേഷ് ബോധരഹിതനായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇത് മൂന്നാം തവണയാണ് പാമ്പുകടിയേറ്റ് സുരേഷ് ഗുരുതരാവസ്ഥയിലാകുന്നത്.