ഹിറ്റടിക്കാൻ വാലിബൻ; റിലീസ് തീയതി പ്രഖ്യാപിച്ചു

0
28

മലയാളത്തിന്റെ സ്വന്ത  മോഹൻലാൽ നായകനാകുന്ന വാലിബൻ.. അതും എൽ ജെപി അല്ലെങ്കിൽ  ലിജോ ജോസ്‌പെല്ലിശ്ശേരിയുടെ  സംവിധാനത്തിൽ ,  ഈ രണ്ടു ഘടകങ്ങളും ആയിരുന്നു ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിച്ച ഘടകങ്ങൾ . ഒരു സൂപ്പർ താരവും മറ്റൊരു സൂപ്പർ സംവിധായകനും ഒത്തുചേർന്നാൽ ഹിറ്റിൽ കുറഞ്ഞതൊന്നും തന്നെ പ്രതീക്ഷിക്കേണ്ടി വരില്ല. അതുതന്നെയാണ് വാലിബന്റെ കാര്യത്തിലും. പ്രഖ്യാപനം മുതലുള്ള ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.കഴിഞ്ഞ കുറച്ചു ​ദിവസങ്ങളായി മലൈക്കോട്ടൈ വാലിബന്റെ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഡിസംബറിൽ റിലീസ് ഉണ്ടാകുമെന്നും അതല്ല അടുത്ത വർഷം വിഷുവിന് റിലീസ് ചെയ്യുമെന്നും എല്ലാം ആയിരുന്നു അഭ്യൂഹങ്ങൾ. ഇന്നത് ആ ചർച്ചകൾക്ക് വിരാമമിട്ട് ഔദ്യോ​ഗികമായി വാലിബന്റെ റിലീസ് തിയതി പുറത്തുവിട്ടു കഴിഞ്ഞു. ഒപ്പം പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം.  കൗണ്ട്ഡൗണ്‍ സ്റ്റാര്‍ട്ട് ചെയ്തുവെന്നും ആഗോള ബോക്‌സ് ഓഫീസിലേക്ക് സിനിമ ജനുവരി 25ന് എത്തുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ ജന്മദിനം പ്രമാണിച്ചാണ് ഇന്നലെ  സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്.  ഈ അവസരത്തിൽ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തിയതി ബ്രില്യൻസ് കണ്ടുപിടിച്ചിരിക്കുയാണ് സോഷ്യൽ മീഡിയ. ജനുവരി 25 എന്നത് വ്യാഴ്ചയാണ്. പിന്നീടുള്ള മൂന്ന് ദിവസവും തുടരെ അവധി ദിവസങ്ങളാണ്. അതായത് ജനുവരി 26 റിപ്പബ്ലിക് ഡേ, ജനുവരി 27 ശനി, ജനുവരി 28 ഞായർ. ഈ മൂന്ന് അവധി ദിവസങ്ങളിലും വാലിബൻ കാണാൻ ആളുകൾ തിയറ്ററിൽ എത്തുമെന്ന് ഉറപ്പാണ്. കൂടാതെ നിലവിൽ വേറെ വലിയ റിലീസുകൾ പ്രഖ്യാപിച്ചിട്ടുമില്ല.

സിനിമയും മൗത്ത് പബ്ലിസിറ്റിയും പ്രേക്ഷക പ്രശംസയും ഒത്തുവന്നാൽ ചിലപ്പോൾ അടുത്ത ഇൻഡസ്ട്രി ഹിറ്റടിക്കാൻ വാലിബന് സാധിക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഈ ഒരു റിലീസ് തിയതി അറഞ്ഞു കൊണ്ടാണോ ഇട്ടതെന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. മോഹന്‍ലാലിനൊപ്പം ലിജോ ജോസ് പെല്ലിശേരി എത്തുമ്പോള്‍ മലയാളി സിനിമയില്‍ മറ്റൊരു അത്ഭുതം എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍. ഏറെ ഹൈപ്പ് ലഭിച്ച ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മോഹന്‍ലാലിന്റെ എന്‍ട്രിയില്‍ തിയേറ്റര്‍ കുലുങ്ങും എന്നാണ് ചിത്രത്തിന്റെ സഹസംവിധായകന്‍ ടിനു പാപ്പച്ചന്‍ പറഞ്ഞത്.സിനിമയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. . മലൈക്കോട്ടൈ വാലിബന്‍ പുത്തന്‍ അനുഭവമാകും എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മാസ് സിനിമ വേണ്ടവര്‍ അങ്ങനെ കാണാം. സീരിയസ് ആയി കാണേണ്ടവര്‍ക്ക് അങ്ങനെ കാണാം.കാലദേശങ്ങള്‍ക്ക് അതീതമായ രീതിയാണ് ചിത്രത്തിന്റെ മേക്കിംഗില്‍ സ്വീകരിച്ചത്. ഇത്ര വലിയ കാന്‍വാസിലുള്ള സിനിമ ലിജോ ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്തു. ബാക്കിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞത്. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് മലൈക്കോട്ടൈ വാലിബന്‍ നിര്‍മ്മിക്കുന്നത്. രാജസ്ഥാനില്‍ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍.