യുദ്ധത്തെ ട്രോളുന്നവർ കേൾക്കണം ഈ അമ്മയുടെ വാക്കുകൾ

0
167

പ്രിയപ്പെട്ടവരെ, ദയവായി, നിങ്ങൾ യുദ്ധത്തെക്കുറിച്ച് തമാശകളും ട്രോളുകളും ഉണ്ടാക്കാതിരിക്കൂ. അപേക്ഷയാണ്. യുദ്ധത്തെക്കുറിച്ച് ട്രോൾ ഉണ്ടാക്കാൻ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂ. കാരണം, യുദ്ധയും ,കൂട്ടപ്പലായനവും, കലാപങ്ങളും ഒക്കെ നമുക്ക് മറ്റെവിടെയോ ആർക്കൊക്കെയോ സംഭവിക്കുന്ന കഥകൾ മാത്രം ആണ്. എന്നെങ്കിലും യുദ്ധത്തിന്റെ ഇരകളെ, പ്രത്യേകിച്ചും സ്ത്രീകളെയും കുട്ടികളെയും, കണ്ട മനുഷ്യർക്ക്‌ ഓരോ യുദ്ധവും നൽകുന്നത് ഉറക്കമില്ലാത്ത രാത്രികൾ ആയിരിക്കും. അത് എഴുതി ഫലിപ്പിക്കാൻ കഴിയാത്ത ഒരവസ്ഥയാണ്. കാരണം, യുദ്ധം ഒരു ദേശത്തെ മുഴുവൻ നിലയില്ലാക്കയത്തിലേക്ക് അടിപതറിക്കും. മനുഷ്യന്റെ മനസ്സും, ശരീരവും, കുടുംബവും, ദേശവും, രാഷ്ട്രീയബന്ധങ്ങളുമെല്ലാം ചിതറിത്തെറിക്കുന്ന, അത്രമേൽ സ്ഫോടനാത്മകമായ അവസ്ഥയാണത്. ഒരു ബുള്ളറ്റ്, ഒരു ഗ്രനേഡ്, ഒരു ഷെൽ അതുമതി ഒരു ഗ്രാമത്തെയും അവരുടെ മനസ്സുകളെയും തകർത്തെറിയാൻ…

എനിക്ക് ശ്രീലങ്കയിലെ ബട്ടിക്കളോവയിൽ ഒരു സുഹൃത്തുണ്ട്. ജീവലത. യുദ്ധത്തിൽ അമ്മയും, ഭർത്താവും, മകളും, മകനും നഷ്ടപ്പെട്ട സ്ത്രീ. അവരുടെ മകളെ ശ്രീലങ്കൻ സൈന്യം റേപ്പ് ചെയ്തു കൊല്ലുകയായിരുന്നു. ജീവ താമസിക്കുന്നത് കടലിനോടു ചേർന്ന ഒറ്റ മുറി മാത്രമുള്ള ഒരു കുഞ്ഞുവീട്ടിലാണ്. വരാന്തയിൽ ഇരുന്നാൽ തൊട്ടടുത്ത്‌ കടലിൽ തിരയടിക്കുന്നത് കാണാം. ആ വീടിനു മുന്നിൽ, വെറും മണലിൽ ഇരുന്നുകൊണ്ട് ജീവ ഒരിക്കൽ എന്നോട് അവളുടെ കഥ പറഞ്ഞു. കഥ കേട്ടുകഴിഞ്ഞപ്പോഴേക്കും ലോകത്തെ എല്ലാ വെടിയുണ്ടകളും എന്റെ നെഞ്ചിൽ വന്നു തറച്ചിരുന്നെങ്കിൽ എന്നെനിക്കു തോന്നി. അത്രയ്ക്ക് സഹിച്ച സ്ത്രീയാണ് എന്റെ മുന്നിൽ ഇരിക്കുന്നത്.

പുലികൾ നിർബന്ധമായി LTTE യിൽ ചേർത്ത പന്ത്രണ്ടു വയസുകാരനായ മകനെക്കുറിച്ച് ജീവ പറഞ്ഞത് എനിക്കൊരിക്കലും മറക്കാൻ കഴിയില്ല: “അവൻ ജീവനോടെ ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പാണ്. പണ്ടേ മരിച്ചുപോയിക്കാണും, എന്റെ മകൻ. അവനു യുദ്ധവും, ബോംബും, പട്ടാളക്കാരും ഒക്കെ പേടിയായിരുന്നു..രാത്രികാലങ്ങളിൽ, ആകാശത്തുകൂടി ഹെലികോപ്ടറുകൾ പറന്നുപോകുന്ന ശബ്ദം കേൾക്കുമ്പോൾ അവൻ എന്നെ കെട്ടിപ്പിടിക്കും.

ഒരിക്കൽ, ജാഫ്ന കത്തിയെരിഞ്ഞ ഒരു ദിവസം എന്നോട് അവൻ വേദനയോടെ പറഞ്ഞു അമ്മാ, നമുക്ക് ചൈനക്കാരുടെ മുഖം കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അവരെ എല്ലാവരെയും കണ്ടാൽ ഒരുപോലെയിരിക്കും. അപ്പോൾ നിറം നോക്കി അവർക്ക് നമ്മളെ തിരിച്ചറിയാനും, വെടിവെക്കാനും, പെട്രോൾ ഒഴിച്ച് കത്തിക്കാനും കഴിയില്ലല്ലോ. എന്തിനാ നമ്മൾ ഇത്ര കറുത്ത് പോയത്. അതുകൊണ്ടല്ലേ സിംഹളകുട്ടികൾ എന്നെ കാണുമ്പോൾ ഒക്കെ മുഖത്തു തുപ്പുന്നത്…”

ഇത് പറയുമ്പോൾ ജീവയുടെ കണ്ണിൽ നിന്നും ചോരയാണ് ഒഴുകുന്നതെന്ന് എനിക്ക് തോന്നി. ചാവേർ ആകാൻ വിധിക്കപ്പെട്ട, ബോംബേറിൽ ചിതറിതെറിച്ച നൂറായിരം കുഞ്ഞുങ്ങളുടെ ഓർമയിൽ ഞാനും അറിയാതെ വിതുമ്പിപ്പോയി. ഞാൻ വെറുതെ അവരുടെ കൈപിടിച്ചു. ആശ്വാസവാക്കുകൾ വെറും നുണകൾ ആകുമെന്ന് എനിക്കറിയാം.

പതിറ്റാണ്ടുകൾ നീണ്ടു നിന്ന ഈഴം യുദ്ധത്തിന്റെ ഓരോ വഴിത്തിരിവും ജീവയുടെയും, അതുപോലെയുള്ള ഒരായിരം പെണ്ണുങ്ങളുടെയും ജീവിതത്തിൽ ബോംബിനെക്കാൾ പ്രഹരശേഷിയുള്ള നൊമ്പരങ്ങൾ മാത്രം ആണ് വർഷിച്ചത്. ഓരോ തവണയും ഈഴം ജയിക്കുമ്പോഴും, നേരെ തിരിച്ചാകുമ്പോഴും ജാഫ്നയിലെയും, ബട്ടിക്കലോവയിലെയും, കിളിനോചിയിലെയും വാവുനിയയിലെയും, അമ്മമാരുടെ നെഞ്ഞുരുകും. ഓരോ പുലിയും കൊല്ലപ്പെടുമ്പോഴും, വിദൂര ഗ്രാമങ്ങളിലെ മൈതാനിയിൽ പന്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ LTTE ഭടന്മാർ വന്നു ബലമായി പിടിച്ചുകൊണ്ട് പോയി അവരുടെ വിമോചനസൈന്യത്തിൽ ചേർക്കും.

പിന്നീട് ഒരിക്കലും കാണാനാവാത്ത ആ കുഞ്ഞുങ്ങളുടെ ഓർമ്മ പോലും അവരുടെ മനസ്സിനെ ചുട്ടു പഴുപ്പിക്കുന്നു. അതുപോലെ, ഓരോ ചാവേർ ആക്രമണവും കഴിഞ്ഞാൽ പിന്നെ ഗ്രാമങ്ങളിൽ ശ്രീലങ്കൻ സൈന്യത്തിന്റെ തേരോട്ടമാണ്. പന്ത്രണ്ടും, പതിമൂന്നും വയസുള്ള കുഞ്ഞുപെൺകുട്ടികളുടെ ശരീരങ്ങൾ അവർക്ക് തമിഴു ഈഴത്തിന്റെ പ്രതീകമാണ്‌. പെൺകുട്ടികൾ ആർത്തു നിലവിളിക്കുമ്പോൾ അത് തമിഴകഗോത്രാഭിമാനത്തിനു മേലുള്ള സിംഹളദേശിയതയുടെ വിജയമായിക്കരുതി ശ്രീലങ്കൻ പട്ടാളക്കാർ ആഹ്ലാദിച്ചു. അങ്ങനെ പുലികളും, പട്ടാളവും ചേർന്ന് കുഴച്ചുമറിച്ചിട്ട പെൺജീവിതങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നത് യുദ്ധത്തിന്റെ നിരർത്ഥകതയാണ്.

ചരിത്രത്തിൽ ഒരിക്കലും രേഖപ്പെടുത്താത്ത ഒട്ടനവധി മുറിവുകൾ ആണ് വംശഹത്യകളും, യുദ്ധങ്ങളും ഉണ്ടാക്കുന്നതെന്ന് മനസിലാക്കാൻ ജീവലതയെ അറിഞ്ഞാൽ മതി. ഒരു കാലത്ത് അവരുടെ ഗ്രാമം മത്സ്യകൃഷിയുടെയും ചെമ്മീൻ കൃഷിയുടെയും, ഒണക്കമീൻ സംസ്ക്കരണത്തിന്റെയും ഒക്കെ പ്രധാനകേന്ദ്രമായിരുന്നു. തേങ്ങയും, നെല്ലും തഴച്ചു വളർന്നിരുന്ന, ശീമക്കൊന്നയും പൂവരശ്ശും അതിരിടുന്ന കുഞ്ഞു വീടുകൾ ഉള്ള കേരളം പോലുള്ള മനോഹരദേശം. ഇന്ന് പക്ഷെ വെടിമരുന്നും ബോംബും വീണു കരിഞ്ഞുപോയ മണ്ണാണ് അത്. യുദ്ധവും, ലാൻഡ്‌മൈനുകളും, പലായനങ്ങളും, അവരുടെ കൃഷിയെയും, തീരത്തെയും കടലിലെ ജീവിതത്തെയും ഒക്കെ എന്നെന്നേക്കുമായി അശാന്തിയിലാക്കുകയായിരുന്നു.

പറഞ്ഞു വന്നത് ഇത്രമാത്രം. ദേശാഭിമാനത്തിന്റെ ഉന്മാദങ്ങൾ കൊണ്ട് നേട്ടമുണ്ടാക്കുന്നത്‌ അധികാരരാഷ്ട്രീയം മാത്രമാണ്, ജനതയല്ല. സമയം കിട്ടുമെങ്കിൽ ‘Stolen Voices’ എന്ന പുസ്തകം വായിക്കൂ. ഒന്നാം ലോകമഹായുദ്ധം മുതൽ ഇറാക്ക് യുദ്ധം വരെ അനുഭവിച്ചറിഞ്ഞ കുഞ്ഞുങ്ങളുടെ ഡയറികുറിപ്പുകൾ ആണ് അതിൽ. അപഹരിക്കപ്പെട്ട ശബ്ദങ്ങൾ! നിങ്ങൾ കരഞ്ഞു പോകും.

യുക്രൈയിനിലേയും റഷ്യയിലെയും കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ശബ്ദവും ജീവിതവും അപഹരിക്കപ്പെടാതിരിക്കട്ടെ എന്നാശിക്കാം.ദയവുചെയ്ത് ട്രോളുകളും തമാശകളും മാറ്റിവെക്കൂ. പകരം യുദ്ധവിരുദ്ധ സന്ദേശങ്ങളാൽ സമൂഹമാധ്യമങ്ങൾ നിറയട്ടെ.