സിപിഎം പ്രവർത്തകർ ക്രൂരമായി മർദിച്ചു ;ട്വന്റിട്വന്റി പ്രവർത്തകന്റെ നില ഗുരുതരം

0
144

കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്നു സിപിഎം പ്രവർത്തകരുടെ മർദനമേറ്റ ട്വന്റിട്വന്റി പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ.കേസിൽ നാല് സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു . സൈനുദ്ദീൻ സലാം, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ്, ബഷീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ ദീപു എന്ന പ്രവര്‍ത്തകനാണ് സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ  വെന്റിലേറ്ററില്‍ കഴിയുന്നത്. ശനിയാഴ്ച്ചയാണ് ദീപുവിന് മര്‍ദ്ദനമേറ്റത്. ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന് ട്വന്റി ട്വൻറി പ്രവർത്തകർ പറഞ്ഞു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ വയറ്റിൽ ഉൾപ്പെടെ പല ആന്തരിക മുറിവുകളുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

സ്ട്രീറ്റ് ലൈറ്റ് പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചായിരുന്നു ട്വന്റി ട്വന്റിയുടെ വിളക്കണയ്ക്കല്‍ സമരം. ശനിയാഴ്ച്ച വൈകുന്നേരം ഏഴു മണി മുതല്‍ 7.15 വരെയായിരുന്നു സമരം. ഇതിന്റെ ഭാഗമായി വീടു കയറി പ്രചാരണം നടത്തിയ ദീപുവിനെ സിപിഎം ആക്രമിക്കുകയായിരുന്നുവെന്നാണ് ട്വന്റി ട്വന്റിയുടെ ആരോപണം. സാരമായി പരിക്കേറ്റ ദീപുവിന് തിങ്കളാഴ്ച്ച രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതിനുശേഷം നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവം സ്ഥിരീകരിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.