മകളെ കടന്ന് പിടിക്കുന്നത് കണ്ട് അമ്മ മകനെ കഴുത്ത് ‍ഞെരിച്ചു കൊന്നു

0
286

തിരുവനന്തപുരം വിഴിഞ്ഞത്ത് മയക്ക് മരുന്നിന് അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് തെളിഞ്ഞു. ഒരു വർഷത്തിന് ശേഷമാണ് അമ്മ നാദിറ (43) അറസ്റ്റിലായത് . തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിദ്ദിഖ് (20) ആണ് ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് 20 കാരനായ സിദ്ദിഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമാണെന്നായിരുന്നു സിദ്ദിഖിൻറെ അമ്മയും സഹോദരിയും പൊലീസിന് മൊഴി നൽകിയത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതക സാധ്യതയാണ് ഫോറൻസിക് സർജൻമാർ പൊലീസിനെ അറിയിച്ചത്. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖിനെ അമ്മ നാദിറ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. സംഭവ ദിവസം രാവിലെ 11 ഓടെ കഞ്ചാവ് ലഹരിയിലായിരുന്ന സിദ്ദിഖ് സഹോദരിയെ കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ അമ്മ എതിർത്തു. പിടിവലിക്കിടെ സിദ്ദിഖിന്റെ കഴുത്തിൽ പിടിച്ച് തള്ളിയിട്ട ശേഷം മകളെ നാദിറ രക്ഷിക്കുകയുമായിരുന്നു.

തുടർന്ന് മകളെ പ്രതിയുടെ അമ്മയുടെ വീട്ടിൽ ആക്കിയ ശേഷം പൊലീസ് സ്റ്റേഷനിൽ കേസ് നൽകാൻ എത്തി. എന്നാൽ പരാതി എഴുതി നൽകുന്ന ആളെ കാണാത്തതിനാൽ തിരികെ വീട്ടിലെത്തിയപ്പോൾ മകൻ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഇതോടെ അയൽവാസികളോട് മകൻ തൂങ്ങി മരിച്ചുവെന്ന് പറഞ്ഞു. തുടർന്ന് മൃതദേഹം കുളിപ്പിച്ച് അടക്കം ചെയ്യാനൊരുങ്ങവെയാണ് അജ്ഞാത സന്ദേശം പൊലീസിന് കിട്ടിയത്.