രോ​ഗിയുടെ കൂട്ടിരിപ്പുകാരന് സുരക്ഷാ ജീവനക്കാരുടെ മർദനം

0
180

തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിൽ കൂട്ടിരിപ്പുകാരന് നേരെ സുരക്ഷാ ജീവനക്കാരുടെ മർദനം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ബന്ധുവിന് കൂട്ടിരിപ്പിനു വന്ന ആറ്റിങ്ങൽ സ്വദേശി അരുൺദേവിനാണ് പരിക്കേറ്റത്. ആശുപത്രിയുടെ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസി വഴി വന്ന ജീവനക്കാരാണ് മർദിച്ചത്. സംഭവത്തിൽ മൂന്നുപേർക്കെതിരേ പോലീസ് കേസെടുത്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…. അരുൺദേവിന്റെ മുത്തശ്ശി മെഡിക്കൽ കോേളജ് ആശുപത്രിയിലെ പതിനേഴാം വാർഡിൽ ചികിത്സയിലാണ്. ഹൃദയസംബന്ധമായ അസുഖമാണ് ഇവർക്ക്. ഇവർക്ക് രണ്ടുദിവസമായി അരുണാണ് കൂട്ടിരിക്കുന്നത്. ഇദ്ദേഹം മാറിയ ശേഷം മറ്റൊരു ബന്ധു വെള്ളിയാഴ്ച കൂട്ടിരിക്കാൻ വന്നു. ഇതിനുള്ള പാസ് ബന്ധുവിനു നൽകാൻ വന്നപ്പോഴാണ് അരുൺദേവിന് മർദനമേറ്റത്. പാസ് കൊടുക്കുന്നതു കണ്ട സുരക്ഷാ ജീവനക്കാർ ഇത് തട്ടിയെടുത്ത് കീറിക്കളയുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും യുവാവിന് മർദനമേൽക്കുകയുമായിരുന്നു. അരുൺദേവിനെ ഉള്ളിലേക്ക് കോളറിൽ പിടിച്ചു വലിച്ചുകൊണ്ടുപോയി വീണ്ടും മർദിച്ചു.

വിഷ്ണു, സതീശൻ എന്നീ സുരക്ഷാ ജീവനക്കാരാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് മെഡിക്കൽ കോേളജ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.അതേസമയം യുവാവ് തങ്ങളെ മർദിച്ചതായി സുരക്ഷാ ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്. യുവാവ് നാലഞ്ചുപേരുമായി വന്ന് അകത്തേക്കു കയറാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് ഇടയാക്കിയതെന്ന് മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗം മേധാവി പറഞ്ഞു. സംഭവത്തിൽ അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ നിർദേശം നൽകി.