തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച സുരേഷിന് മർദ്ദനം ഏറ്റിട്ടില്ല എന്ന പോലീസിന്റെ വാദം തള്ളി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതം ആണെങ്കിലും ഇതിന് കാരണമായത് ശരീരത്തിലെ ചതവുകള്‍ ആയിരിക്കാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്നത് .സുരേഷിന്‍റെ ശരീരത്തിലുണ്ടായ ചതവുകളിൽ അന്വേഷണം വേണമെന്നും ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട് .സുരേഷിന്റെ ശരീരത്തിൽ 12 ഇടങ്ങളിലാണ് ചതവുകൾ ഉള്ളത് .ഇതോടെ സുരേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന പൊലീസ് വാദമാണ് പൊളിഞ്ഞത്.
കഴുത്തിന്റെ മുന്‍പിലും വശങ്ങളിലും, വലത് തുടയുടെ പിന്നിൽ, കാല്‍മുട്ടിന് മുകളില്‍ , തോളിന് താഴെ ,ഇടത് കയ്യിന് പിന്‍ഭാഗത്ത്, ഇടത് തുടയ്ക്ക് പിന്നില്‍ കാല്‍മുട്ടിന് പിന്നില്‍, മുതുകില്‍ ഇടതും വലതുമായി ആറു ഭാഗങ്ങളിലുമായി മൊത്തം 12 ചതവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.പരിക്കുകളുടെ വിശദമായ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍മാര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും എന്നാണ് വിവരം.
തിരുവല്ലത്തിനടുത്ത ജഡ്‌ജിക്കുന്ന് സന്ദർശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച് പണം വാങ്ങുകയും സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ്സുരേഷടക്കം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്.തുടര്ന്ന് കസ്റ്റഡിയിൽ ഇരിക്കെയായിരുന്നു സുരേഷ് മരിച്ചത് . നെഞ്ചുവേദന വന്ന സുരേഷിനെ ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയിലും അനന്തപുരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലഎന്നായിരുന്നു പോലീസ് പറഞ്ഞത് . എന്നാൽ പൊലീസ് മർദനത്തിലാണ് മരണമെന്നാരോപച്ച് നാട്ടുകാർവലിയ പ്രേതിഷേധങ്ങൾ നടത്തിയിരുന്നു .