കണ്ണൂർ തലശ്ശേരിയിൽ ബി.ജെ.പി നടത്തിയ പ്രകടനത്തിനിടയിൽ വിളിച്ച മതവിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യത്തിനെതിരെ ഡി.വൈ.എഫ്.ഐ പരാതി നൽകി. പ്രകടനത്തിന് നേതൃത്വം നൽകിയ നേതാക്കൾക്കും മുദ്രാവാക്യം വിളിച്ചവർക്കുമെതിരെ ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി.എൻ. ജിഥുനിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് ജയകൃഷ്ണൻ അനുസ്മരണ ദിനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിലായിരുന്നു മുസ്‌ലിം പള്ളികളെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ചത്.യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയായിരുന്നു റാലി സംഘടിപ്പിച്ചത്. ”അഞ്ച് നേരം നിസ്‌കരിക്കാൻ പള്ളികളൊന്നും കാണില്ല,” എന്നായിരുന്നു വിവാദമായ മതവിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം.
യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി തലശ്ശേരിയിൽ സംഘടിപ്പിച്ച റാലിക്കിടെ ഉയർത്തിയ വിദ്വേഷമുദ്രാവാക്യങ്ങൾ കേരളത്തിന്റെ ഐക്യം തകർക്കുന്നതാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ മതത്തിന്റെ പേരിൽ വെറുപ്പ് വളർത്താനാണ് ശ്രമം. ഇത് അനുവദിക്കാൻ കഴിയില്ല. മതേതരം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നൽകേണ്ടതുണ്ട്,” ഡി.വൈ.എഫ്.ഐ കേരളയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.