ലെെ​ഗിംക പീഡനം : വിദ്യാർത്ഥിനിക്ക് പിന്നാലെ അധ്യാപകനും ജീവനൊടുക്കി

0
152

സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ അധ്യാപകനും ജീവനൊടുക്കി. സംഭവത്തിൽ ദുരുഹത തുടരുകയാണ്. തമിഴ്‌നാട്ടിലെ കരൂരിൽ ആണ് സംഭവം . കരൂരിലെ സ്വകാര്യ സ്‌കൂളിലെ ഗണിതാധ്യാപകനായ ശരവണനാണ് ആത്മഹത്യ ചെയ്തത്. തെറ്റൊന്നും ചെയ്യാതിരുന്നിട്ടും വേട്ടയാടപ്പെടുകയാണെന്ന് എഴുതിവെച്ചാണ് അധ്യാപകൻ ആത്മഹത്യ ചെയ്തത്.

അഞ്ചുദിവസം മുമ്പാണ് സ്‌കൂൾ വിദ്യാർഥിനിയായ 17-കാരി ജീവനൊടുക്കിയത്. ലൈംഗികപീഡനത്തെ തുടർന്ന് ജീവനൊടുക്കുന്ന അവസാനത്തെ പെൺകുട്ടി താനായിരിക്കണമെന്ന കുറിപ്പെഴുതിയാണ് പെൺകുട്ടി ജീവിതം അവസാനിപ്പിച്ചത്. കുറിപ്പിൽ ആരുടെയും പേരുണ്ടായിരുന്നില്ല. എന്നാൽ പലരും കുട്ടിയുടെ അധ്യാപകനായ ശരവണനെ സംശയിച്ചിരുന്നു. ഇതാണ് അധ്യാപകന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസ് പറയുന്നത്.

അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് ശരവണൻ കഴിഞ്ഞദിവസം സ്‌കൂളിൽനിന്ന് നേരത്തെ ഇറങ്ങിയിരുന്നു. തുടർന്ന് തിരുച്ചിറപ്പള്ളിയിലെ ഭാര്യവീട്ടിലേക്കാണ് പോയത്. ഇവിടെയെത്തി മുറിയിൽ കയറി വാതിലടച്ചിരിക്കുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ശരവണൻ വാതിൽ തുറക്കാതിരുന്നതോടെ വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നതോടെയാണ് ശരവണനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്ന് കുറിപ്പും കണ്ടെടുത്തു.

താൻ തെറ്റുകാരനല്ലെന്നും കുറ്റപ്പെടുത്തലുകൾ സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. പഠിക്കണമെന്ന് പറഞ്ഞ് കുട്ടികളോട് ദേഷ്യപ്പെട്ടിട്ടുണ്ട്. ഇതല്ലാതെ മറ്റൊരു തെറ്റും ചെയ്തിട്ടില്ലെന്നും ശരവണന്റെ കുറിപ്പിലുണ്ടായിരുന്നു.

അതിനിടെ, 17-കാരിയുടെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ വീഴ്ച വരുത്തിയതിൽ പോലീസ് ഇൻസ്‌പെക്ടറെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. വെങ്കമേട് പോലീസ് ഇൻസ്‌പെക്ടർ കണ്ണദാസനെയാണ് കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തത്.