ടെക് ട്രാവലറായ സുജിത് ഭക്തനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. വാരാണസിയെ ട്രാവല്‍ വ്ളോഗില്‍ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് സുജിത് ഭക്തനെതിരെ സംഘപരിവാർ രംഗത്തെത്തിയത്.
മോദിയുടെ വാരാണസി എന്ന പേരില്‍ കഴിഞ്ഞ ദിവസം സുജിത് ഭക്തന് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. വാരാണസിയിലെ ഒരു ഗല്ലിയിലെ മോശം അവസ്ഥയെക്കുറിച്ച് സുജിത് വീഡിയോയില്‍ പറഞ്ഞിരുന്നു. വഴിയരികില്‍ മാലിന്യം തള്ളിയതിനെക്കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. ഒരിക്കലും ഇത് ഈ നഗരത്തെ കളിയാക്കാനുള്ള വീഡിയോ അല്ല. ഇവിടുത്ത കാഴ്ചകളാണ് താൻ പങ്കു വെയ്ക്കുന്നതെന്നും സുജിത്ത് വീഡിയോയിൽ പറയുന്നുണ്ട്.
എന്നാൽ സംഘപരിവാര്‍ അനുകൂലികൾ വിദ്വേഷ പ്രചരണം അഴിച്ചു വിടുകയായിരുന്നു. വാരാണസിയില്‍ നവീകരണ പ്രവര്‍ത്തി നടക്കുകയാണെന്നും അതിനിടയിലുള്ള വീഡിയോ പങ്കുവെച്ചത് ബോധപൂര്‍വമാണെന്നുമാണ് ചിലരുടെ കമന്റ്. കേരളത്തില്‍ ഒരു മഴപെയ്താല്‍ പോലും വെള്ളം കയറുന്ന സ്ഥിതിയാണെന്നും അത് മറച്ചുവെച്ച് വാരാണസിയെ കുറ്റം പറയുകയാണെന്നുമാണ് മറ്റൊരു കമന്റ്.