ഹിജാബിന് പുറമെ കർണാടകയിൽ തിലകം അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ കോളേജ് കവാടത്തില്‍ തടഞ്ഞ് അധ്യാപകര്‍. വിദ്യാര്‍ത്ഥിയോട് തിലകം മായ്ച്ചുകളഞ്ഞതിന് ശേഷം മാത്രം കോളേജില്‍ പ്രവേശിച്ചാല്‍ മതിയെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.സ്‌കൂളില്‍ പ്രവേശിക്കുമ്പോള്‍ മതപരമായ ചിഹ്നങ്ങള്‍ പാടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി. വിദ്യാര്‍ഥിയെ കവാടത്തില്‍ തന്നെ അധ്യാപകര്‍ തടഞ്ഞതോടെ വലിയ പ്രതിഷേധങ്ങളുണ്ടായി. ഇതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു.
കാവി ഷാളിനും ഹിജാബിനും മാത്രമാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതെന്നും തിലകം അണിയുന്നതിനല്ലെന്നും ക്ലാസ് ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ വാദിച്ചു.തുടര്‍ന്ന് അധ്യാപകരുമായി വാക്കുതര്‍ക്കമുണ്ടായി. സംഭവം അറിഞ്ഞ് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരടക്കമുള്ള ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കോളേജിലേക്കെത്തുകയും അധികൃതര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഉടന്‍ തന്നെ പൊലീസ് കോളേജിലെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
ഇതേസമയം തന്നെ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം തുടരുകയാണ്. ഹിജാബ് ഇസ്ലാമില്‍ നിര്‍ബന്ധമല്ലെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, നെറ്റിയിലെ കുറി, വളകള്‍, സിഖുകാര്‍ ധരിക്കുന്ന തലപ്പാവ്, രുദ്രാക്ഷം എന്നിവയെപ്പോലെ ഹിജാബ് നിഷ്‌കളങ്കമായ ഒരു മതാചാരമാണെന്ന് പെണ്‍കുട്ടികളുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചു.വാദം തിങ്കളാഴ്ചയും തുടരും .