ഇടിമിന്നലേറ്റ് കാലിൽ ദ്വാരം വീണു ;വിദ്യാർത്ഥി ആശുപത്രിയിൽ

0
163

ഇടിമിന്നലേറ്റ് കാലിൽ വെടിയുണ്ട പതിച്ചത് പോലെ ദ്വാരം വീണതിനെ തുടർന്ന് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്യനാട് തേവിയാരുകുന്ന് അമ്പാടി ഭവനില്‍ എസ് ബിനുവിന്റെയും കെപി അനിത കുമാരിയുടെയും മകൻ അമ്പാടി (17)ക്കാണ് മിന്നലിൽ ​ഗുരുതരമായി പരിക്കേറ്റത്. വലതു കാലിന്റെ മുട്ടിന് താഴെയായിട്ടാണ്ണ് ആഴത്തിൽ മുറിവേറ്റത്. മുറിവിനു സമീപം പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം നടന്നത്.ശക്തമായ മഴക്കൊപ്പം ഉണ്ടായിരുന്ന മിന്നലേറ്റ് അമ്പാടിയുടെ  വലതുകാലിന്റെ മുട്ടിന് താഴെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം വീഴുകയായിരുന്നു . മുറിവിന് ചുറ്റും പൊള്ളുകയും ചെയ്തിട്ടുണ്ട് .മിന്നലേറ്റ് ഈ രീതിയിൽ ആഴത്തിൽ മുറിവേൽക്കുന്നത് അത്യപൂർവമാണ് എന്ന് ദുരന്ത നിവാരണ അഥോറിറ്റി അധികൃതർ പറഞ്ഞു.

വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.ശേഷം  പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിതുര ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി .കഴിഞ്ഞ ഏതാനും ദിവസമായി തിരുവനന്തപുരം ഉള്‍പ്പെടെയുള്ളിടത്ത് കനത്ത മഴ ആയിരുന്നു അനുഭവപ്പെട്ടിരുന്നത്.

ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി പത്ത് മണി വരെയുള്ള സമയത്താണ് ഇടിമിന്നലിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളതെന്നാണ് കേരള ദുരന്ത നിവാരണ അതോരിറ്റി പറയുന്നത്. അതുകൊണ്ട് തന്നെ ഇടിമിന്നൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അവർ വ്യക്തമാക്കി . ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷം അന്തരീക്ഷം മേഘാവൃതമെങ്കിൽ തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികള്‍ കളിക്കുന്നതും ഒഴിവാക്കണം. പട്ടം പറത്തുന്നതും അപകടകരമാണ്. മിന്നലുള്ള സമയത്ത് മരച്ചുവട്ടിൽ നിൽക്കുന്നതും മരങ്ങളുടെ കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം.ടെലിഫോൺ ഉപയോഗിക്കരുത് ,ഇടിമിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങൾ ഉപോയോഗിക്കാതിരിക്കുക .