പാർട്ടി സമ്മേളനത്തിൽ പിണറായി സർക്കാരിന് വിമർശനം

0
78

സംസ്ഥാന സർക്കാരിനെതിരെ സി.പി.ഐ.എം ജില്ലാ സമ്മേളനത്തിൽ വിമർശനം. ഒന്നാം പിണറായി സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പിണറായി സർക്കാർ പിന്നോട്ടുപോയെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമർശനമാണുണ്ടായത്. ഭരണത്തിൽ പാർട്ടി ഇടപെടേണ്ട എന്ന് മുഖ്യന്ത്രി പറഞ്ഞതിനെയും അംഗങ്ങൾ ചോദ്യം ചെയ്തു.

സാധാരണക്കാരൻ വന്ന് കാണുമ്പോൾ സഹായം ചെയ്യേണ്ടത് പാർട്ടിയാണ്. മന്ത്രിമാരുടെ ഓഫീസുകളിൽ നിന്ന് സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നുണ്ടെന്നും പ്രതിനിധികൾ പരാതിയുന്നയിച്ചു.സി.പി.ഐ.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ ചൈന അനുകൂല നിലപാട് തള്ളിയതിന് പാറശ്ശാല ഏരിയാ കമ്മിറ്റിയെ അഭിനന്ദിക്കുന്നതായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം.

‘ചൈനയെ തള്ളിയതിന്റെ പേരിൽ പാറശ്ശാല ഏരിയാ കമ്മിറ്റിക്കാരെ ട്രോളുകയല്ല വേണ്ടത്,സി.പി.ഐ.എം നേതാക്കളുടെ സ്ഥിരമായ ‘ചൈന തള്ളു’കളിലെ പൊള്ളത്തരം തിരിച്ചറിഞ്ഞ് അത് തള്ളിക്കളഞ്ഞ പാർട്ടിക്കകത്തെ അപൂർവം വിവേകശാലികൾ എന്ന നിലയിൽ പാറശ്ശാലക്കാർ അഭിനന്ദനമാണ് അർഹിക്കുന്നത്,’ വി.ടി. ബൽറാം ഫേസ്ബുക്കിൽ എഴുതി.

ഇന്നത്തെ സാമ്പത്തിക നയങ്ങൾ നോക്കുമ്പോൾ എങ്ങനെ ചൈന കമ്യൂണിസ്റ്റ് രാജ്യമാകും. കാലാവസ്ഥ വ്യതിയാനത്തിൽ വില്ലൻ ചൈനയാണെന്നും കുറ്റപ്പെടുത്തലുമുണ്ട്. ചൈന താലിബാനെ അംഗീകരിച്ച രാജ്യമാണ്, ഇന്ത്യയിൽ കമ്യൂണിസ്റ്റുകാരെ സഹായിക്കുന്നില്ല എന്നിങ്ങനെയായിരുന്നു സി.പി.ഐ.എം ജില്ലാ സമ്മേളനത്തിൽ പാറശ്ശാല ഏരിയാ കമ്മിറ്റി ഉന്നയിച്ചിരുന്ന വിമർശനങ്ങൾ.