കേരളത്തിലെ മിക്ക ഭാഗത്ത് കടല്‍വെള്ളത്തിന് കടുംപച്ച നിറം. ബുധനാഴ്ച രാവിലെയാണ് ഈ പ്രതിഭാസം തീരവാസികള്‍ ശ്രദ്ധിച്ചത്. ശൈത്യകാലം തുടങ്ങിയതോടെ കേരളതീരത്ത് വിസ്മയകരമായ ഈ കാഴ്ച പതിവാകുകയാണ് ഇപ്പോൾ . തിരുവനന്തപുരത്തും ആലപ്പുഴയിലും കോഴിക്കോട്ടുമൊക്കെ ഈ കാഴ്ചയുണ്ടായി. ‘കടൽ തീ’ അഥവാ ‘കടൽക്കറ’ എന്ന ഈ പ്രതിഭാസം മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കൂടുതലാണ് .
ഇതിന് കാരണം കടലിലെ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത് മത്സ്യസമ്പത്തിനെ ബാധിക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.ആല്‍ഗകളുടെ ഈ പ്രതിഭാസത്തെ ആല്‍ഗല്‍ ബ്ലും എന്നാണ് വിളിക്കുന്നത് .നോക്ടിലൂക്ക സിന്റില്ലൻസ് എന്ന ഒരുതരം പ്ലവകങ്ങളാണ് തിരമാലകളെ ഇങ്ങനെ ‘തീ’ പിടിപ്പിക്കുന്നത്.
മഴയ്ക്കുശേഷം പുഴകള്‍, കായല്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളിൽനിന്ന് സസ്യങ്ങള്‍ വളരാന്‍ ആവശ്യമായ ധാതുക്കള്‍ ഏറെ അടങ്ങിയ ജലം കടലിലേക്ക് ഒഴുകിയെത്തും. ഇതേത്തുടര്‍ന്ന് കടല്‍വെള്ളത്തിലെ അതിസൂക്ഷ്മ ആല്‍ഗകള്‍ പതിന്മടങ്ങ് വര്‍ധിക്കുന്നതിനാലാണ് പച്ചനിറം കാണപ്പെടുന്നതിന് ഇടയാക്കുന്നത്.
നോക്റ്റിലൂക്ക നേരിട്ട് വിഷാംശമുള്ള ജീവിയല്ല. പക്ഷേ, അവ പെരുകുമ്പോൾ പുറന്തള്ളപ്പെടുന്ന അമോണിയ മത്സ്യങ്ങളുടെയും മറ്റ് ജീവികളുടെയും കൂട്ടമരണത്തിന് കാരണമാകും. ഇത് മത്സ്യലഭ്യത കുറയാനിടയാക്കും. ഇന്ത്യൻ തീരത്ത് നോക്റ്റിലൂക്ക കറ കൂടുതലായി കാണുന്നതിനാൽ തീരദേശ ഭക്ഷ്യശൃംഖലയിലും മത്സ്യബന്ധനത്തിലും അതിന്റെ സ്വാധീനത്തെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്ന് കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് മേധാവി ഡോ. ബിജുകുമാർ പറഞ്ഞു.