സ്കൂൾ അടച്ചിടൽ വിശദീകരണവുമായി മന്ത്രി !

0
74

കൊവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിൽ രണ്ടാഴ്ചത്തേക്ക് സ്‌കൂളുകൾ അടച്ചിടാൻ തീരുമാനിച്ചതിന് പിന്നാലെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളിൽ കാര്യമായി രോഗം ബാധിച്ചെന്ന റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. രോഗവ്യാപനം കൂടുന്നതിനാൽ മുൻകരുതൽ എടുക്കേണ്ടതുണ്ടെന്നും കുട്ടികളുടെ ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും മന്ത്രി പറഞ്ഞു.രണ്ടാഴ്ച കുട്ടികൾ വീട്ടിലിരിക്കുന്നത് കൊണ്ട് മറ്റൊരു ബുദ്ധിമുട്ടും ഉണ്ടാവാൻ പോവുന്നില്ല.

സ്‌കൂളുകളിൽ നിന്ന് ലഭിക്കുന്ന പഠനം ഒരു കുറവും കൂടാതെ വിദ്യാർത്ഥികളിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തും. 10, 11, 12 ക്ലാസുകളിൽ പഠനം തുടരും. ഈ സാഹചര്യത്തിൽ നിലവിലുള്ള മാർഗനിർദേശങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള നടപടിയെടുക്കും. ഇതിനായി തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. എസ്.എസ്.എൽ.സി ഹയർസെക്കന്ററി പരീക്ഷകൾക്ക് ഇപ്പോൾ തീരുമാനിച്ച തീയതിയിൽ നിന്നും മാറ്റമുണ്ടാകില്ല. ”ഡിജിറ്റൽ ക്ലാസിന്റെ ഇപ്പോഴുള്ള സ്ഥിതി അനുസരിച്ച്, എസ്.എസ്.എൽ.സിയുടെ സിലബസ് ഫെബ്രുവരി ആദ്യത്തെ ആഴ്ച പുതുക്കാനാണ് തീരുമാനം. പ്ലസ് ടു സിലബസും ഫെബ്രുവരിയിൽ പുതുക്കും,” മന്ത്രി പറഞ്ഞു.