വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ : സ്കൂളിന് നേരെ ആക്രമണം

0
149

മധ്യപ്രദേശിലെ വിദിഷയിൽ കത്തോലിക്കാ സഭയുടെ സ്‌കൂളിന് നേരെ സംഘപരിവാർ സംഘടനയായ ബജ്‌രംഗ്ദളിന്റെ ആക്രമണം. വിദിഷ ജില്ലയിൽ ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയായിരുന്നു ആക്രമണം. സ്‌കൂളിന്റെ മാനേജ്‌മെന്റ് മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ച് ബജ്‌രംഗ്ദൾ പ്രവർത്തകരടങ്ങിയ നൂറുകണക്കിന് അക്രമികൾ സ്‌കൂളിലേയ്ക്ക് അതിക്രമിച്ച് കയറുകയും കെട്ടിടത്തിന് നേരെ കല്ലെറിയുകയുമായിരുന്നു.

തിങ്കളാഴ്ചയായിരുന്നു സംഭവം. ഉച്ചയ്ക്ക് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളുടെ പരീക്ഷ നടക്കുന്ന സമയത്തായിരുന്നു ആക്രമണം. സകൂളിലെ എട്ടോളം വിദ്യാർത്ഥികളെ മാനേജ്‌മെന്റ് മതപരിവർത്തനം നടത്തി എന്ന് സമൂഹമാധ്യമങ്ങളിലും പ്രചരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഒരു പ്രാദേശിക മാധ്യമം വഴി മുന്നേ ലഭിച്ചിരുന്നതായി സ്‌കൂളിന്റെ മാനേജർ ബ്രദർ ആന്റണി പറഞ്ഞു. മാനേജ്‌മെന്റ് അറിയിച്ചത് പ്രകാരം പൊലീസും സംഭവസമയത്ത് സ്‌കൂളിലുണ്ടായിരുന്നു. എന്നാൽ പൊലീസ് വേണ്ടവിധം സുരക്ഷാ മുൻകരുതൽ സ്വീകരിച്ചില്ലെന്നും മാനേജ്‌മെന്റ് പരാതിപ്പെട്ടു.

ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും മതപരിവർത്തനം നടന്നെന്ന ആരോപണത്തിന്മേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് റോഷൻ റായ് അറിയിച്ചു. സംഭവത്തിൽ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേസമയം മതപരിവർത്തനം നടത്തിയ കുട്ടികൾ തങ്ങളുടെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ അല്ല എന്നാണ് സ്കൂൾ മാനേജ്മെന്റിന്റെ വിശദീകരണം.