ഹലാൽ വിവാദത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. പോസ്റ്റിനെതിരെ ബിജെപി സംസ്ഥാന നേതാക്കൾ അടക്കം രംഗത്ത് വന്നതോടെയാണ് നടപടി. പോസ്റ്റ് പിൻവലിക്കാൻ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശമുണ്ടായതായാണ് സൂചന. ഇതിന് പിന്നാലെ പരിഹസവുമായി മുൻ ജഡ്ജി എസ്. സുദീപ് രംഗത്തെത്തി. പോസ്റ്റ് ഇങ്ങനെ
‘സന്ദീപ് വാര്യർ അദ്ദേഹത്തിന്റെ മനുഷ്യത്വ പോസ്റ്റ് പിൻവലിച്ചതിൽ നിന്ന് നാം മനസിലാക്കേണ്ട കാര്യങ്ങൾ: കാട്ടാളന് വാൽമീകിയാകാം, പക്ഷേ സംഘപരിവാറുകാരന് ഒരിക്കലും ഒരു മനുഷ്യനാകാൻ കഴിയില്ല. വിവേകമല്ല, വികാരങ്ങളാണ് സംഘപരിവാറുകാരെ നയിക്കുന്നത്.
ഉത്തരവാദിത്തമില്ലായ്മയാണ് സംഘപരിവാറുകാരന്റെ മുഖമുദ്ര,’ എസ്. സുദീപ് പറഞ്ഞു.
ഓരോ മനുഷ്യായുസിന്റെയും പ്രയത്‌നം മുഴുവൻ ഒറ്റനിമിഷംകൊണ്ട് തകർക്കുക എന്നതാണ് സംഘപരിവാറുകാരന്റെ കർതവ്യം. സംഘപരിവാറുകാരൻ ചിന്തിക്കരുത്, തലച്ചോറുള്ള സംഘിയുണ്ടെങ്കിൽ അത് ശസ്ത്രക്രിയ വഴി നീക്കം ചെയ്യണം. സംഘപരിവാറുകാരൻ സ്വന്തം അച്ഛനാണെന്നു പറഞ്ഞ് ആരെയെങ്കിലും പരിചയപ്പെടുത്തിയാൽ പോലും വിശ്വസിക്കരുതെന്നും അദ്ദേഹം പരിഹസിച്ചു.
സന്ദീപ് വാര്യരുടെ അഭിപ്രായപ്രകടനത്തിന് പിന്നാലെ വ്യാപകമായ പ്രതിഷേധമായിരുന്നു സംഘപരിവാർ ക്യാംപുകളിൽ നിന്നടക്കം നേരിടേണ്ടി വന്നത്. സംഘപരിവാർ വക്താവായ ടി.ജി. മോഹൻദാസും രംഗത്തെത്തിയിരുന്നു. ഭക്ഷണത്തിൽ തുപ്പിയതിനെ ന്യായീകരിക്കുന്നത്
ഭക്ഷണത്തിൽ തുപ്പുന്നതിനേക്കാൾ മോശം പ്രവൃത്തിയാണെന്നായിരുന്നു മോഹൻദാസ് പറഞ്ഞിരുന്നത്.
ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസൽമാനും പരസ്പരം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ഈ നാട്ടിൽ ജീവിക്കാനാകില്ല എന്ന് മനസിലാക്കിയാൽ നല്ലത്. ഒരു സ്ഥാപനം തകർക്കാൻ ഒരു പോസ്റ്റ് മതി, പക്ഷേ അത് വഴി പട്ടിണിയിലാകുക എല്ലാ വിഭാഗങ്ങളിലെയും മനുഷ്യരാണ്. വികാരമല്ല വിവേകമാണ് മുന്നോട്ട് നയിക്കേണ്ടതെന്ന് എന്നായിരുന്നു സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.