സഹകരണ മേഖലയിൽ റിസർവ് ബാങ്കിന്റെ പുതിയ നിയന്ത്രണങ്ങളെ നിയമപരമായി നേരിടാൻ സംസ്ഥാന സർക്കാർ. ഇതിന് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാറിനെ ആശങ്ക അറിയിക്കാൻ പ്രതിനിധി സംഘത്തെ അയക്കും. തുടർനടപടികൾക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ, സഹകരണമന്ത്രി വി.എൻ. വാസവൻ എന്നിവരെ ചുമതലപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളുമായി യോജിച്ച് ഇതിനെ ചെറുക്കാർ ആശയവിനിമയവും ആരംഭിച്ചു.
റിസർവ് ബാങ്ക് സർക്കുലറിനെതിരെ കേന്ദ്ര സർക്കാറിനും ഉന്നത അധികാരികൾക്കും നിവേദനം നൽകുമെന്ന് മന്ത്രി വാസവൻ അറിയിച്ചു. കാര്യകാരണ സഹിതം വ്യക്തമാക്കി നിയമപോരാട്ടം നടത്തും. സഹകാരികളെ സംഘടിപ്പിച്ച് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകും. ഏത് പ്രതിസന്ധിയും അതിജീവിക്കാൻ സഹകരണമേഖലക്ക് കരുത്തുണ്ട്. ആർ.ബി.ഐ തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
ബാങ്ക്, ബാങ്കിങ്, ബാങ്കർ പദം ഉപയോഗിക്കാൻ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങൾക്ക് മാത്രമേ നിക്ഷേപവും വായ്പയും പാടുള്ളൂ, ബാങ്കുകൾക്ക് ബാധകമായ ഇൻഷുറൻസ് പരിരക്ഷ വേണം തുടങ്ങിയവയാണ് റിസർവ് ബാങ്ക് നിർദേശങ്ങൾ. സംസ്ഥാനത്തെ ക്രെഡിറ്റ് സഹകരണസംഘങ്ങൾ സഹകരണ ബാങ്കുകളായാണ് പ്രവർത്തിക്കുന്നത്. പുതിയ നിർദേശം ഇതിനെ ബാധിക്കും. മൂന്നുതരം അംഗത്വമാണ് നിലവിലുള്ളത്. എ,ബി,സി വിഭാഗം അംഗങ്ങൾക്ക് നിക്ഷേപത്തിനും വായ്പക്കും ഒരേ പരിധിയും അവകാശങ്ങളുമാണ്.
ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷന്റെ (ഡി.ഐ.സി.ജി.സി) ഇൻഷുറൻസ് പരിരക്ഷ ബാങ്കിങ് ലൈസൻസുള്ള സ്ഥാപനങ്ങൾക്കു മാത്രം വ്യവസ്ഥകൾക്ക് വിധേയമായി ബാധകമായതാണ്. പ്രാഥമിക സഹകരണസംഘങ്ങൾക്കും സഹകരണ ബാങ്കുകൾക്കും ഇത് ലഭ്യമാകില്ല. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാർ ഗ്യാരന്റി ഉറപ്പാക്കുകയും ഡെപ്പോസിറ്റ് ഗ്യാരന്റി ബോർഡ് രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ രണ്ട് ലക്ഷം രൂപയാണ് നൽകുന്നത്.