കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കർഷകരുടെ വിജയത്തെ അഭിനന്ദിച്ച് തുറന്ന കത്തെഴുതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകരുടെ ഭാവി സമരങ്ങൾക്ക് കോൺഗ്രസിന്റെ എല്ലാ പിന്തുണയും രാഹുൽ വാഗ്ദാനം ചെയ്തു. ഹിന്ദിയിലാണ് കത്ത് എഴുതിയിരിക്കുന്നത്.
കർഷകരുടെ സമരം അവസാനിച്ചിട്ടില്ലെന്ന് എടുത്ത് പറഞ്ഞ രാഹുൽ, കുത്തകകൾക്കൊപ്പം പ്രവർത്തിച്ച് കർഷകരെ അവരുടെ സ്വന്തം മണ്ണിൽ അടിമകളാക്കുന്ന നടപടികളിലേയ്ക്ക് നീങ്ങാൻ ഇനി നരേന്ദ്ര മോദി ധൈര്യപ്പെടരുതെന്നും പറഞ്ഞു.
”വാഗ്ദാനം ചെയ്തത് പോലെ 2022 ആകുമ്പോഴേക്കും കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനുള്ള നടപടികൾ പ്രധാനമന്ത്രി ഉറപ്പ് വരുത്തണം. അധികാരം സേവനത്തിനുള്ള വഴി മാത്രമാണെന്ന് പ്രധാനമന്ത്രി മറക്കരുത്,” രാഹുൽ കത്തിൽ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തോളമായി തണുപ്പും ചൂടും മഴയും മറ്റ് തടസങ്ങളുമെല്ലാം അവഗണിച്ച് കർഷകർ നടത്തിയ സത്യാഗ്രഹസമരം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
”ഈ സമരത്തിൽ 700ലധികം കർഷകരും തൊഴിലാളികളും നടത്തിയ ജീവത്യാഗത്തെ ഞാൻ വണങ്ങുന്നു. ഏകാധിപത്യ നേതാവിന്റെ അഹങ്കാരത്തിനെതിരെ ഗാന്ധിയൻ രീതിയിൽ അവർ നടത്തിയ പോരാട്ടമാണ് പ്രധാനമന്ത്രിയെ തന്റെ തീരുമാനം പിൻവലിക്കുന്നതിലേക്കെത്തിച്ചത്,” അദ്ദേഹം പറഞ്ഞു.ഇപ്പോഴത്തെ ഈ സമരത്തിലുണ്ടായത് പോലെ വരാനിരിക്കുന്ന സമരങ്ങളിലും താനും എല്ലാ കോൺഗ്രസ് പ്രവർത്തകരും കർഷകർക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും അവർക്ക് വേണ്ടി ശബ്ദമുയർത്തുമെന്നും രാഹുൽ കത്തിൽ കർഷകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.