പാര്‍ട്ടിയിലെ ചില നേതാക്കൾ സ്ത്രീകളോട് പെരുമാറുന്നത് മോശമായിട്ടാണ് ;വിമർശനവുമായി ആർ ബിന്ദു

0
192

പാര്‍ട്ടിയിലെ ചില നേതാക്കളുടെ സ്ത്രീകളോടുള്ള പെരുമാറ്റം മോശമെന്ന് ഉന്നത വിദ്യാഭ്യാസ  മന്ത്രി ആര്‍ ബിന്ദു. പാര്‍ട്ടിയില്‍ സ്ത്രീകള്‍ പരാതി നല്‍കിയാലും പരിഗണന ഉണ്ടാകുന്നില്ലെന്നും ആര്‍ ബിന്ദു പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ നടത്തിയ പൊതുചര്‍ച്ചയിലാണ് ബിന്ദുവിന്റെ വിമര്‍ശനം.

ഖേദത്തോടെയാണ് ഇക്കാര്യം പറയുന്നതെന്ന് ആമുഖമായി സൂചിപ്പിച്ചു കൊണ്ടാണ് ആർ. ബിന്ദു വിമർശനം ഉന്നയിച്ചത്.ബ്രാഞ്ച് സെക്രട്ടറിമാരായി സ്ത്രീകള്‍ വന്നിടത്തും പുരുഷാധിപത്യമാണെന്നും ഏറെ ദുഃഖത്തോടെയാണ് ഇക്കാര്യം പറയുന്നതെന്നും ആര്‍ ബിന്ദു പറഞ്ഞു.മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകിയാലും ചില ഘട്ടങ്ങളിലെങ്കിലും പാർട്ടി ശരിയായി പരിഗണിക്കുന്നില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നു. മറ്റു ചില വനിതാ പ്രതിനിധികളും ഇക്കാര്യം പൊതു ചർച്ചയിൽ ഉന്നയിച്ചു.

നേരത്തെ തിരുവനന്തപുരം ജില്ലാസമ്മേളനത്തിനിടെയും സമാനമായ വിമർശനം ഉയർന്നിരുന്നു. സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങൾക്ക് മുമ്പ് ആലപ്പുഴ നേതൃത്വത്തിനെതിരെ കായംകുളം എം എൽ എ. യു പ്രതിഭ പരസ്യമായി രംഗത്തുവന്നിരുന്നു. കായംകുളത്തെ തിരഞ്ഞെടുപ്പ് പരാതികൾ പരിഹരിച്ചില്ലെന്നായിരുന്നു അവരുടെ വിമർശനം. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബിന്ദു ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.ആലപ്പുഴയില്‍ നിന്ന് വനിതകള്‍ക്ക് കാര്യമായ പരിഗണന കിട്ടുന്നില്ലെന്ന വിമര്‍ശനവും പൊതുചര്‍ച്ചയില്‍ ഉന്നര്‍ന്നിട്ടുണ്ട് .