ആ ശബ്ദം ഇനിയില്ല : കോട്ടയം പ്രദീപ് വിട പറഞ്ഞു

0
107

മലയാള സിനിമ ഭാ​ഗ്യ പരീക്ഷണങ്ങളുടെ ഒരു വേദിയാണ് . നിരവധിപ്പേർ സിനിമയിൽ വന്ന് പോകാറുണ്ട്. പക്ഷേ എത്ര പേർ നിലനിൽക്കുന്നു എന്ന് ചോദിച്ചാൽ നേരത്തെ പറഞ്ഞ ഭാ​ഗ്യവും കഴിവും ഒത്തുവേണം എന്നുള്ളത് തന്നെയാണ്. ഒരിക്കൽ മാത്രം വന്ന് തിരശ്ശീലയിൽ നിന്ന് തന്നെ ഇല്ലാതാകുന്ന ഒരുപാട് പേരുണ്ട് സിമനിമയിൽ പക്ഷേ തന്റെ ാദ്യ സിനിമയിലൂടെ തന്നെ ഒരു ചെറിയ ഇടം കണ്ടെത്താൻ കഴിഞ്ഞ താരമായിരുന്നു കോട്ടയം പ്രദീപ്. മിമിക്രി വേദികളിൽ ശബ്ദാനുകരണം ഒട്ടൊന്നുമല്ല നമ്മളെ ചിരിപ്പിച്ചത്. ഇന്ന് ആ ചിരിയും ശബ്ദവും നമ്മളെ വിട്ട് പൊയ്ക്കഴിഞ്ഞിരിക്കുന്നു.

രം​ഗബോധമില്ലാത്ത കോമാളിയെന്ന് മനുഷ്യൻ വിശ്വസിക്കുന്ന മരണം അദ്ദേഹത്തേയും കൂട്ടിക്കൊണ്ട് പോയി. മലയാള സിനിമ പ്രേമികൾക്ക് ഒരു നടനെക്കൂടി നഷ്ടമായി. ഒാരോ കഥാപാത്രങ്ങളായി അ​ദ്ദേഹം വെള്ളിത്തിരയിൽ എത്തിയപ്പോൾ മലയാളികൾ മനസ്സ് അറിഞ്ഞ് ഒത്തിരി ചിരിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. രണ്ട് പതിറ്റൊണ്ടോളം സിനിമ മേഖലയിൽ സജീവമായിരുന്നു.സിനിമാ പശ്ചാത്തലം ഇല്ലായിരുന്നിട്ടും സിനിമയോടുള്ള അടങ്ങാത്ത ാ​ഗ്രഹം കൈൈപ്പിടിയിൽ എത്തിക്കാനുള്ള പ്രയത്നങ്ങൾക്കൊടുവിലാണ് അദ്ദേഹത്തിന് സിനിമയിൽ തൻേതായ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞത്.

കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്.വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ ശാരീരിക അസ്വസ്തതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ 4.15ഓടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണം 61 വയസ്സായിരുന്നു അദ്ദേഹത്തിന്.

ഐ.വി. ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായാണ് പ്രദീപ് സിനിമയിലെത്തുന്നത്. ആ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു.മലയാളം, തമിഴ് സിനിമകളിൽ നിരവധി കോമഡി റോളുകൾ ചെയ്തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.2010ൽ പുറത്തിറങ്ങിയ ഗൗതം മേനോന്റെ ‘വിണ്ണൈ താണ്ടി വരുവായ’ എന്ന ചിത്രത്തിലെ തൃഷയുടെ അമ്മാവനായി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായി.

തട്ടത്തിൻ മറയത്ത്, ആമേൻ, വടക്കൻ സെൽഫി, സെവൻത് ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് താരം മലയാളികളുടെ പ്രിയങ്കരനായി മാറി.ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികൾ, ജമ്‌നാപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഗോദ തുടങ്ങിയ ചിത്രങ്ങളിലൂടെയും മലയാളികളെ ചിരിപ്പിച്ചു.

സിനിമകൾക്ക് പുറമെ നിരവധി പരസ്യ ചിത്രങ്ങളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. സൽസയുണ്ട്‌… എന്ന് തുടങ്ങുന്ന താരത്തിന്റെ പ്രശസ്തമായ ഡയലോഗിനും ആരാധകർ ഏറെയായിരുന്നു. ഒറ്റ ഡയലോഗുകൊണ്ടു തന്നെ മലയാള സിനിമയിൽ സ്വയം വരച്ചിട്ട നടനാണ് ഇപ്പോൾ വിട പറഞ്ഞിരിക്കുന്നത്.2020ൽ പുറത്തിറങ്ങിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. പത്താം വയസ്സിൽ എൻ.എൻ.പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ കോട്ടയം പ്രദീപ് അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു.

കാരാപ്പുഴ സർക്കാർ സ്‌കൂൾ, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി പഠനം പൂർത്തിയാക്കി. 1989 മുതൽ എൽ.ഐ.സിയിൽ ജീവനക്കാരനാണ്. ഭാര്യ: മായ, മക്കൾ: വിഷ്ണു, വൃന്ദ.