മാപ്പ് വേണ്ട ,നീതി മതി ; പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത പെൺകുട്ടിയുടെ പിതാവ്

0
171

ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ആരോപണ വിധേയയായ പെണ്‍കുട്ടിയുടെ പിതാവ് ജയചന്ദ്രൻ രംഗത്ത്.ഉദ്യോഗസ്ഥയുടെ മാപ്പ് അംഗീകരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി .

ആഗസ്റ്റ് 27ന് സംഭവം നടന്നതിന്റെ പിറ്റേന്ന് മുതൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ട് ഞങ്ങൾക്ക് നീതി ലഭിച്ചില്ല. കോടതിയെ വിശ്വാസത്തിലെടുത്താണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവം കഴിഞ്ഞ് നാല് മാസത്തിനു ശേഷമാണ് മാപ്പുമായി എത്തിയിരിക്കുന്നത്. കേസിൽ നിന്നു രക്ഷപെടുന്നതിനാണ് ഈ ഖേദ പ്രകടനമെന്ന് ജയചന്ദ്രൻ ആരോപിച്ചു.

‘കേസ് നടന്നതിന്റെ അന്ന് മുതല്‍ എംഎല്‍എമാരും മന്ത്രിമാരും ഉദ്യോഗസ്ഥ രജിതയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്റെ എംഎല്‍എ കൂടിയായ ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനില്‍ പോലും എന്നെ വന്നു കണ്ടില്ല. ഖേദം പ്രകടിപ്പിക്കാന്‍ പോലും ആരും തയ്യാറായില്ല. അവന്‍ കൂലിവേലക്കാരന്‍, അവന് നല്ല ഡ്രസില്ല, മുഷിഞ്ഞ ഒരു വ്യക്തി അടുത്ത തെരഞ്ഞെടുപ്പ് വന്നാല്‍ പോയാല്‍ മതിയല്ലോ എന്നൊക്കെ അവർ  ചിന്തിച്ചുകാണണം.’ എന്നും ജയചന്ദ്രൻ പറഞ്ഞു.സംഭവം നടന്ന അന്ന് മുതല്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയാണെന്നും സ്‌ക്കൂള്‍ തുറന്ന് ഇതു വരെ ഒരു ക്ലാസില്‍ പോലും കുട്ടി ഹാജരായിട്ടില്ലെന്നും പിതാവ് പറഞ്ഞു. കുട്ടിക്ക് അന്നത്തെ ഭയപ്പാട് ഇതുവരേയും മാറിയിട്ടില്ലെന്നും ജയചന്ദ്രന്‍ വ്യക്തമാക്കി.

ഇതേ സമയം തന്നെ പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥ മാപ്പ് അപേക്ഷിച്ച് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായി ഉദ്യോഗസ്ഥ കോടതിയെ അറയിച്ചു.തനിക്കും മൂന്ന് കുട്ടികളുണ്ടെന്ന് പറഞ്ഞ ഉദ്യോഗസ്ഥ തന്റെ കുടുംബത്തിന്റെ സംരക്ഷണച്ചുമതല തനിക്കാണെന്നും കോടതിയില്‍ പറഞ്ഞു. ക്ഷമാപണം സ്വാഗതാര്‍ഹമെന്ന് അറിയിച്ച കോടതി സ്വീകരിക്കണോയെന്ന് കുട്ടിക്കും രക്ഷിതാക്കള്‍ക്കും തീരുമാനിക്കാമെന്നും പറഞ്ഞു.

എന്നാൽ പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി .സംഭവം നടന്ന് നാല് മാസം കഴിഞ്ഞാണ് മാപ്പുമായി വന്നിരിക്കുന്നത്.ഈ നാലുമാസക്കാലവും അവർക്ക് ഇങ്ങനെ ഒന്നും തോന്നിയില്ല ഇപ്പോൾ  കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഈ ഖേദപ്രകടനമെന്നും അദ്ദേഹം പറഞ്ഞു.

ഇതേസമയം തന്നെ കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. കാക്കിയെ സംരക്ഷിക്കാന്‍ കാക്കിക്കുള്ള വ്യഗ്രതയാണ് ഉദ്യോഗസ്ഥയെ വെള്ളപൂശിയുള്ള പൊലീസ് റിപ്പോര്‍ട്ടിലുള്ളതെന്ന് കോടതി പറഞ്ഞു.പലകേസുകളിലും ഇത് കാണുന്നു. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമോ? കുട്ടിക്കായി സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് കോടതി ചോദിച്ചു. നടപടി ഇല്ലെങ്കില്‍ ഇടപെടുമെന്ന് കോടതി മുന്നറിയിപ്പും നല്‍കി.