പാർട്ടിക്കാരെ നിലക്ക് നിർത്തി പിണറായി

0
169

രാഷ്ട്രീയം മിക്കപ്പോഴും കച്ചവടം ആണ്. കാശ് കൊടുത്ത് ആ സേവനം വാങ്ങുന്നവരേയും വിൽക്കുന്നവരേയും നമുക്ക് അറിയാം. അധികാരം കൂടി കിട്ടി കഴിഞ്ഞാൽ പിന്നെ പറയണ്ടാ. വേണ്ടെടിത്തും വേണ്ടിത്തിടത്തും ഒക്കെ അധികാരത്തിന്റെ ​ഗർവ്വുമായി കയറി ഇറങ്ങും. ഇനി അങ്ങനെ ഒന്നും വേണ്ടാന്ന് നമ്മുടെ മുഖ്യൻ തന്നെ പറഞ്ഞിരിക്കുന്നു. ഭരണത്തിൽ അനാവശ്യ ഇടപെടൽ നടത്തരുതെന്ന് സി.പി.ഐ.എം പ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.ഐ.എം കണ്ണൂർ ജില്ല സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പൊലീസ് സ്‌റ്റേഷനുകളിലേയും തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണത്തിൽ പാർട്ടി പ്രവർത്തകർ ഇടപെടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.നേരത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് ഒരു വിഷയവുമായും ബന്ധപ്പെട്ട് പ്രവർത്തകർ വിളിക്കരുതെന്ന് പാർട്ടി നേതൃത്വത്തിന് നിർദേശം നൽകിയിരുന്നു.ഏതെങ്കിലും സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഇടപെടൽ നടത്തേണ്ടി വന്നാൽ പാർട്ടി ഘടകത്തിൽ അറിയിച്ചാൽ മതി. ഒരു വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കേണ്ടതില്ല.ബംഗാളിലേയും ത്രിപുരയിലേയും സി.പി.ഐ.എം തകർച്ച് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഭരണത്തുടർച്ചയുണ്ടായ സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തകർ ഭരണം കയ്യാളിയെന്ന ആരോപണമുണ്ടായെന്നും കേരളത്തിലുണ്ടായ ഭരണത്തുടർച്ച നിലനിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. അധികാരം ലഭിച്ചതിന്റെ പേരിൽ അഹങ്കരിക്കരുതെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

സംസ്ഥാനഭരണം നമുക്ക് ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതി സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതിയാൽ അവർക്ക് സ്ഥാനം പാർട്ടിക്ക് പുറത്താണെന്നാണ് കോടിയേരി പറഞ്ഞിരുന്നത്.എൽ.ഡി.എഫ് സർക്കാർ സി.പി.ഐ.എമ്മിന്റെ മാത്രം സർക്കാരല്ല. എല്ലാവരുടെയും സർക്കാരാണ്. അതുകൊണ്ട്, എല്ലാവർക്കും നീതി എന്നതാണ് പാർട്ടിയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞിരുന്നു.