കയറിക്കിടക്കാൻ കിടപ്പാടത്തിനായുള്ള പോരാട്ടമാണ് ഇത്. ഭവനപദ്ധതികളില്‍ നിന്നും ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് പാലക്കാട് മുതലമടയില്‍ ദളിത് കുടുംബങ്ങള്‍ നടത്തുന്ന സമരം 94 ദിവസം പിന്നിട്ടു. പാലക്കാട് ഗോവിന്ദപുരം അംബേദ്കര്‍ കോളനിയിലാണ് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള 36 ദളിത് കുടുംബങ്ങള്‍ സമരം ചെയ്യുന്നത്. ഭവനപദ്ധതികളില്‍ നിന്നും തങ്ങളെ ബോധപൂര്‍വം ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കുടുംബങ്ങള്‍ സമരമാരംഭിച്ചത്.
എന്നാല്‍ 94 ദിവസം പിന്നിട്ടിട്ടും സമരത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ഇപ്പോള്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 94 ദിവസമായി മുതലമട പഞ്ചായത്തിന് മുന്നിലാണ് സമരം നടക്കുന്നത്. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂലമായ യാതൊരു പ്രതികരണങ്ങളും ഉണ്ടാകാതായതോടെ ഇന്നലെ മുതല്‍ സമരം പാലക്കാട് കളക്ടറേറ്റിന് മുന്നിലേക്ക് മാറ്റിയിട്ടുണ്ട്.
സമരത്തിന്മേല്‍ അനുകൂല പ്രതികരണമൊന്നും ഉണ്ടാവാത്തത് കാരണം പിഞ്ചുകുട്ടികള്‍ അടക്കം നിരവധി പേര്‍ നടുറോഡില്‍ ദയനീയമായ അവസ്ഥയിലാണുള്ളത്. അംബേദകര്‍ ദളിത് സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.അംബേദ്കര്‍ കോളനിയിലെ 36 ദളിത് കുടുംബങ്ങള്‍ക്കാണ് ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചിട്ടും വീട് ലഭിക്കാത്തത്. സ്ഥലം വാങ്ങി വീട് വെക്കുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പുകളൊന്നും പാലിക്കപ്പെടാതായതോടെയാണ് കുടുംബങ്ങള്‍ സമരം ആരംഭിച്ചത്.