പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തിൽ ആശാവർക്കർ ആത്മഹത്യാശ്രമം നടത്തിയത് വാർഡ് മെമ്പറുടെയും CPM പ്രാദേശിക നേതാക്കളുടെയും മാനസിക പീഡനം മൂലമെന്ന് പരാതി. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ആശാവർക്കർ ഷീജയാണ് ആത്മഹത്യാ ശ്രമം നടത്തിയത്.പഞ്ചായത്ത് അംഗം ഉള്‍പ്പെടെ സിപിഎമ്മിലെ നാലു പ്രാദേശിക നേതാക്കള്‍ക്കെതിരെ കുറിപ്പെഴുതി വെചതിന് ശേഷമാണ് വിഷദ്രാവകം കുടിച്ച് ഷീജ ആത്മഹത്യക്ക് ശ്രമിച്ചത് .
നേതാക്കളിൽ നിന്നും തനിക്ക് നിരന്തരമായി മാനസിക പീഡനം നേരിടേണ്ടി വന്നതായി ആത്മഹത്യ കുറിപ്പിൽ ഷീജ ആരോപിക്കുന്നു . കുറിപ്പിൽ ഒരു പഞ്ചായത്ത് അംഗത്തെയും സിപിഎമ്മിൻ്റെ നാലു പ്രാദേശിക നേതാക്കള്‍ക്കെതിരെയും പേരെടുത്തു പറയുന്നുണ്ട്. കണ്ടെടുത്ത കുറിപ്പ് പോലീസിന് കൈമാറിയിട്ടും നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഏഴു വര്‍ഷത്തിലധികമായി ആശാവര്‍ക്കറായി പ്രവര്‍ത്തിച്ചുവരുന്ന ഇവരുടെ കുടുംബവും പാര്‍ട്ടിയോട് ചേര്‍ന്നു നില്‍ക്കുന്നവരാണ്. അങ്കണവാടിയില്‍ വെച്ചും മറ്റും പഞ്ചായത്തംഗം ഉള്‍പ്പെടെ പ്രാദേശിക നേതാക്കള്‍ മോശമായി പെരുമാറിയതായും നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. തൻ്റെ മരണത്തിന് ഇവരാണ് ഉത്തരവാദികള്‍ എന്നും കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പറയുന്നു.എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. എന്നാൽ ജോലിയുടെ പേരിൽ ഷീജക്ക് മേൽ യാതൊരു വിത സമ്മര്ദങ്ങളോ മാനസിക പീഡനങ്ങളോ ഉണ്ടായിരുന്നില്ല എന്നാണ് വാർഡ് മെമ്പർ പറയുന്നത് .