ഒമിക്രോൺ : അണുബാധ മൂന്നിരട്ടി

0
171

ഡെൽറ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വകഭേദം വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ. ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ നടത്തിയ ഒരു പ്രാഥമിക പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പേപ്പർ ഇതുവരെ അവലോകനം ചെയ്തിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്.

മുൻകാല അണുബാധയിൽ നിന്ന് ലഭിച്ച പ്രതിരോധശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ ശേഷിയെപ്പറ്റിയും പഠനത്തിലുണ്ട്. ഒരു മെഡിക്കൽ പ്രീപ്രിന്റ് സെർവറിൽ അപ്ലോഡ് ചെയ്യപ്പെട്ട പഠന റിപ്പോർട്ട് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല.

എന്നാൽ, പഠനത്തിന് വിധേയരായ വ്യക്തികൾ വാക്‌സിൻ സ്വീകരിച്ചത് സംബന്ധിച്ച് ഗവേഷകർക്ക് വിവരങ്ങളൊന്നുമില്ലെന്നും അതിനാൽ വാക്സിൻ മൂലം കൈവരിച്ച പ്രതിരോധശേഷിയെ ഒമിക്രോൺ എത്രത്തോളം മറികടക്കുമെന്ന് ഇപ്പോൾ വിലയിരുത്താൻ കഴിയില്ലെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.

ഇതേസയം കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 28 ദിവസമായി കുറച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേന്ദ്ര സർക്കാറിന്റെ അപ്പീൽ അനുവദിച്ചുകൊണ്ടാണ് വിധി. കൊവിഷീൽഡിന്റെ ഇടവേള 84 ദിവസം തന്നെയായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.

കൊവിൻ പോർട്ടലിൽ ആവശ്യമായ മാറ്റം വരുത്താനും കേന്ദ്രസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലാണ് ഉത്തരവ്. സർക്കാർ നൽകുന്ന സൗജന്യവാക്സിന് ഇളവ് ബാധകമല്ലെന്നും ഇക്കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.