രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുമെന്ന് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടേതിന് സമാനമായി രോഗ വ്യാപനതോത് രാജ്യത്ത് കൂടുന്ന സാഹചര്യമാണുള്ളന്നെും കേന്ദ്രസർക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷനും നീതി ആയോഗ് അംഗവുമായ വി.കെ. പോൾ പറഞ്ഞു. രാജ്യത്ത് പ്രതിദിനം ഒമിക്രോൺ കേസ് ലക്ഷക്കണക്കിന് പേരിൽ സ്ഥിരീകരിക്കുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോൺ കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുള്ളത്.
രാജ്യത്തെ ജനസംഖ്യ അനുസരിച്ച് പ്രതിദിനം 14 ലക്ഷം കേസുകൾ വരെ ഉണ്ടായേക്കാമെന്നാണ് വി.കെ. പോൾ പറയുന്നത്. യു.കെയിൽ എക്കാലത്തേയും റെക്കോർഡ് കൊവിഡ് കേസുകളാണ് നിലവിൽ പ്രതിദിനം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 88,042 കേസുകളാണ് 24 മണിക്കൂറിനിടെ യു.കെയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 2.4 ശതമാനം ഒമിക്രോൺ കേസുകളാണ്.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. 32 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. കർണാടക, ഗുജറാത്ത്, ദൽഹി, കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോൺ കണ്ടെത്തിയിട്ടുണ്ട്. അതേസമയം യു.കെയിൽ അടുത്ത വർഷത്തോടെ ഒമിക്രോൺ ആഞ്ഞടിക്കുമെന്നാണ് റിപ്പോർട്ട്. ആളുകൾ കൂട്ടംകൂടുന്നതിന് നിയന്ത്രണമേർപ്പെടുത്തിയില്ലെങ്കിൽ അതിവേഗം വൈറസ് വ്യാപിക്കുമെന്ന് വിദഗ്ധർ നടത്തിയ ശാസ്ത്രീയ പഠനത്തിൽ പറയുന്നു.
‘അടുത്ത വർഷം ജനുവരിയോടെ രോഗവ്യാപനം നിയന്ത്രണാതീതമാകും, ജനങ്ങൾ അലസത കാണിക്കരുത്,’ ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ട്രോപ്പിക്കൽ മെഡിസിനിലെ ഡോക്ടറായ ഡോ. നിക്ക് ഡേവിസ് പറഞ്ഞു.