കന്യാസ്ത്രീയുടെ ആത്മഹത്യ ;’മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന്’ കുടുംബം

0
119

മലയാളി കന്യാസ്ത്രീയെ കോൺവെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജലന്ധർ രൂപതയിലെ സാദിഖ് ഔവർലേഡി ഒഫ് അസംപ്ഷൻ കോൺവെന്റിലെ കന്യാസ്ത്രീയായ അർത്തുങ്കൽ കാക്കിരിയിൽ ജോൺ ഔസേഫിന്റെ മകൾ മേരി മേഴ്സി യെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.സംഭവത്തില്‍ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയട്ടുണ്ട് .

മേരി മെയ്‌സി നവംബര്‍ 30 ചൊവ്വാഴ്ച  ആത്മഹത്യ ചെയ്തതായാണ് സഭാ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കുടുംബം പറയുന്നു. കോണ്‍വെന്റിന്റെ നടപടികളില്‍ സംശയമുണ്ടെന്ന് കാണിച്ച് പിതാവ് ജോണ്‍ ഔസേഫ് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട് . നാലുവര്‍ഷമായി മകൾ ഇതേ കോൺവെന്റിൽ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നതെന്നും മരിക്കുന്നതിന്റെ തലേന്നും രാത്രി വിളിച്ച് വളരെ സന്തോഷത്തോടെ സംസാരിച്ചെന്നുംപിതാവ് പറയുന്നു .

29 ന് രാത്രിയും മകള്‍ വീട്ടിലേക്കു വിളിച്ചിരുന്നു. സന്തോഷത്തോടെയാണ് സംസാരിച്ചത്. ഡിസംബര്‍ രണ്ടിലെ ജന്മദിനത്തെ കുറിച്ചടക്കം ആഹ്ലാദത്തോടെ സംസാരിച്ചിരുന്നതായും കളക്ടര്‍ക്ക് നല്‍കിയ പരാതിയിൽ വ്യക്തമാക്കുന്നു.മരണം സ്ഥിരീകരിച്ച് കൊണ്ട് ബിഷപ്പ് ഹൗസില്‍ നിന്നും അറിയിപ്പ് നല്‍കിയെങ്കിലും  മരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കോൺവെന്റ് അധികൃതർ വ്യക്തമാക്കുന്നില്ലെന്നും പോസ്റ്റ്‌മോർട്ടത്തിലടക്കം തങ്ങൾക്ക് സംശയമുള്ളതായും പിതാവ് കളക്ടർക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നു. മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി മരണത്തിന് പിന്നിലുള്ള യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും നീതിവേണം എന്നുമാണ്  കുടുംബത്തിന്റെ ഇപ്പോളത്തെ  ആവശ്യം.

അതേസമയംതന്നെ .സിസ്റ്റർ മേരിമേഴ്‌സിയുടെ മരണം ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചശേഷമാണു തുടർനടപടികൾ സ്വീകരിച്ചതെന്നു മഠം അധികൃതർ അറിയിച്ചു. സിസ്റ്റർ എഴുതിയ കത്തിൽ കുടുംബാംഗങ്ങളോടും സന്യാസസഭ അംഗങ്ങളോടും ക്ഷമചോദിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് പോസ്റ്റുമോർട്ടമടക്കമുള്ള നടപടികൾ സ്വീകരിച്ചത്. പോസ്റ്റുമോർട്ടത്തിലും പൊലീസ് അന്വേഷണത്തിലും ആത്മഹത്യയാണെന്നു കണ്ടെത്തിയിട്ടുണ്ട് എന്നും മഠം അധികൃതർ പറയുന്നു .  പോസ്റ്റ്‌മോർട്ടം കഴിഞ്ഞു മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.