​ഗൾഫ് രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമിച്ച മയക്കു മരുന്ന് പിടികൂടി

0
138

ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ വൻ മയക്കുമരുന്ന് വേട്ട. ഷിപ്‌മെന്റ് കണ്ടെയ്‌നറുകളിൽ പ്ലാസ്റ്റിക് നാരങ്ങകൾക്കുള്ളിൽ കടത്താൻ ശ്രമിച്ച ഒമ്പത് മില്യൺ കാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്. ഗൾഫ് രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമിച്ചിരുന്ന ഗുളികകളാണ് ലെബനീസ് അധികൃതർ ബുധനാഴ്ച പിടിച്ചെടുത്തത്.കാർഗോ കുവൈത്തിലേക്കായിരുന്നു കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് ഓഫീസർ എ.എഫ്.പിയോട് പ്രതികരിച്ചു.

ആംഫെറ്റമിന്റെ മിശ്രിതമായ കാപ്റ്റഗൺ ഗുളികകൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള മയക്കുമരുന്നാണ്. സൗദി അറേബ്യയിലാണ് ഇതിന്റെ ഉപയോഗം കൂടുതലായി കാണപ്പെടുന്നത്.

ഐക്യരാഷ്ട്രസഭയുടെ ‘ഡ്രഗ്‌സ് ആൻഡ് ക്രൈംസ് ഓഫീസി’ന്റെ കണക്ക് പ്രകാരം 2015നും 2019നുമിടയിൽ 44 ശതമാനം കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്ത സംഭവങ്ങളും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ്.

നേരത്തെ ചെറുനാരങ്ങയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 120 കോടി രൂപ വിലമതിക്കുന്ന 11,60,500 കാപ്റ്റഗൺ ഗുളികകൾ ദുബായ് പൊലീസ് പിടിച്ചെടുത്തിരുന്നു. പൊലീസും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു മയക്കുമരുന്ന് കണ്ടെടുത്തത്.

’66’ പേരിട്ട ഓപ്പറേഷനിലൂടെയാണ് കള്ളക്കടത്ത് സംഘത്തെ വലയിലാക്കിയത്. വിദേശത്ത് നിന്നെത്തിയ ശീതീകരിച്ച ഒരു കണ്ടയ്നറിലായിരുന്നു മയക്കുമരുന്ന് എത്തിയത്.നാരങ്ങ നിറച്ചിരുന്ന പെട്ടികളിൽ ഇടയ്ക്ക് നാരങ്ങയുടെ അതേ വലിപ്പത്തിലും ആകൃതിയിലും നിറത്തിലുമുള്ള ‘പ്ലാസ്റ്റിക് നാരങ്ങകളും’ സജ്ജീകരിച്ച് ഇവയുടെ ഉള്ളിലായിരുന്നു മയക്കുമരുന്ന് നിറച്ചിരുന്നത്.

കണ്ടയ്നറിൽ 3840 പെട്ടി നാരങ്ങകളാണ് ഉണ്ടായിരുന്നത്. ഇതിൽ 66 പെട്ടികളിലാണ് വ്യാജനാരങ്ങകൾ നിറച്ചിരുന്നത്.ലെബനൻ, സിറിയ എന്നീ രാജ്യങ്ങളിലാണ് കാപ്റ്റഗൺ ഗുളികകൾ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നത്.