‘രാഷ്ട്രപതിയുടെ പ്രശംസ നേടിയ സൈനികന്‍’;പ്രദീപിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങി നാട്

0
153

പ്രദീപിന്റെ മരണത്തിൽ ഞെട്ടി തൃശ്ശൂർ .ഊട്ടിയിലെ ഹെലികോപ്ടർ അപകടത്തിൽ മലയാളിയും കൊല്ലപ്പെട്ടിരുന്നു. ദുരന്തത്തിൽ മരിച്ച വ്യോമസേന അസിസ്റ്റന്റ് വാറണ്ട് ഓഫീസർ പ്രദീപ് അറയ്ക്കൽ തൃശൂർ പൊന്നൂക്കര സ്വദേശിയാണ്. പ്രദീപിന്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാൻ നാട്ടുകാർക്കും വീട്ടുകാർക്കും ഇതുവരെയും  സാധിച്ചിട്ടില്ല.

2004ലാണ് പ്രദീപ് വ്യോമസേനയിൽ ചേർന്നത്. ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയം തുടങ്ങിയ റെസ്ക്യൂ മിഷനുകളിൽ ഭാഗമായിട്ടുണ്ട്. കോയമ്പത്തൂർ സുലൂർ ബേസ് ക്യാമ്പിലാണ് നിലവിൽ പ്രദീപ് പ്രവർത്തിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മകൻ്റെ ജന്മദിനവും പിതാവിൻ്റെ ചികിത്സ ആവശ്യങ്ങൾക്കും ആയി പ്രദീപ് നാട്ടിൽ എത്തിയിരുന്നു.

തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിൻ്റെ നാലാം ദിവസം ആണ് ഈ അപകടം സംഭവിക്കുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിൻ്റെ കുടുംബം.പ്രദീപ് അറക്കല്‍ രാഷ്ട്രപതിയുടെ പ്രത്യേക പ്രശംസ നേടിയ സൈനികന്‍. 2018ല്‍ കേരളത്തിലെ പ്രളയസമയത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു പ്രദീപിന് രാഷ്ട്രപതിയുടെ പ്രശംസ.

പ്രളയ സമയത്ത് കോയമ്പത്തൂരിലെ സുലൂര്‍ വ്യോമത്താവളത്തില്‍ സേവനമനുഷ്ടിച്ചിരുന്ന പ്രദീപ് കേരളത്തിലേക്ക് ഡ്യൂട്ടി ചോദിച്ചു വാങ്ങിക്കുകയായിരുന്നു.തൃശൂര്‍ ഒല്ലൂര്‍ സ്വദേശി അറക്കല്‍ രാധാകൃഷ്ണന്റെ മകനായ പ്രദീപ് അറക്കല്‍ അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു.

സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ പ്രദീപും മരിച്ചുവെന്ന വാര്‍ത്ത ബുധനാഴ്ച രാത്രി ഏഴരയോടെയാണ് പൊന്നൂക്കരയില്‍ എത്തിയത്.മകന്റെ വിയോഗ വിവരം ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അച്ഛനെ അറിയിച്ചിട്ടില്ല. ശ്വാസകോശരോഗത്തെ തുടര്‍ന്ന് പ്രദീപിന്റെ അച്ഛന്‍ രാധാകൃഷ്ണന്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്