വിനായകന്റെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നടി നവ്യ നായര്‍. മീ ടുമായി ബന്ധപ്പെട്ട വിനായകന്റെ വിവാദ പരാര്‍ശത്തിന് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം നൽകുക ആയിരുന്നു നവ്യ . അപ്പോള്‍ തനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല എന്നായിരുന്നു നവ്യയുടെ മറുപടി. സംവിധായകന്‍ വികെ പ്രകാശിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ വിശദീകരണം.
വിനായകന് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാമെന്നും പക്ഷേ തനിക്ക് അങ്ങനെ പറ്റില്ലെന്നും നവ്യ പറഞ്ഞു‘വിനായകന്‍ എന്തിലും ഏതിലും അഭിപ്രായം പറയുന്ന ഒരാളാണ്. അങ്ങനെ ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടല്‍പോലും അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അയാള്‍ എന്നെ തല്ലിയാല്‍പോലും അയാള്‍ക്കല്ല നാണക്കേട്, മറിച്ച് എനിക്കാണ് നാണക്കേട്. മീഡിയ അത് വാര്‍ത്തയാക്കും. കാരണം അയാള്‍ക്ക് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാം. പക്ഷേ എനിക്ക് അങ്ങനെ പറ്റുമോ? മോനും ഭര്‍ത്താവും ഒക്കെ എനിക്കുണ്ട്,’എന്നും നവ്യ പറഞ്ഞു.
‘അയാള്‍ക്കൊരു അടികൊടുക്കാന്‍ പാടില്ലേ എന്ന് എന്നോട് പലരും ചോദിച്ചു പക്ഷെ കാലവും ലോകവുമൊക്കെ ഒരുപാട് വളര്‍ന്നിട്ടുണ്ടാകാം. പക്ഷേ, ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല, അത് വാസ്തവമാണ്. അയാളൊരു തല്ല് തന്നാല്‍ ഞാന്‍ താഴെ വീഴും. എന്നെക്കൊണ്ട് അതൊന്നും പറ്റില്ല. ഞാനൊരു ധൈര്യശാലിയാണെന്നും എന്തിനും പ്രതികരിക്കുന്ന ആളാണെന്നും ഞാനെവിടെയും പറഞ്ഞിട്ടില്ല എന്നും നവ്യ കൂട്ടിച്ചേർത്തു .
കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.ഈ സാമായം നവ്യ മൈക്ക് വാങ്ങി പ്രതികരിച്ചേക്കുമെന്നും, അല്ലെങ്കില്‍ അവിടെ നിന്ന് ഇറങ്ങിപ്പോവുമെന്നുമായിരുന്നു മിക്കവരും പ്രതീക്ഷിച്ചിരുന്നത് .എന്നാൽ താരം ഒന്നും പ്രതികരിക്കാതെ ഇരിക്കുകയായിരുന്നു .ഇത് വലിയ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.