ജനങ്ങളോട് പ്രധാനമന്ത്രിക്ക് പറയാനുള്ളത് ഇതാണോ ?

0
92

ഏതൊരു വിപരീത കാലഘട്ടത്തിലും ഇന്ത്യയെ സംരക്ഷിക്കാൻ ഒരു സന്യാസിവര്യൻ അവതാരമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമരത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി ഒരുപാട് സന്യാസികൾ ആത്മീയത വെടിഞ്ഞ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തുവെന്നിരുന്നും, എന്നാൽ അവരുടെ ത്യാഗനിർഭരമായ പങ്കോ സേവനങ്ങളോ എവിടെയും കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സദ്ഗുരു സദാഫലേഡിയോ വിഹംഗാം യോഗ് സൻസ്താനിന്റെ 98ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യയുടെ ഏറ്റവും പ്രധാനിയായ സ്വാതന്ത്ര്യസമരസേനാനിയെ മഹാത്മാ എന്നായിരുന്നു ലോകം വിളിച്ചിരുന്നത്. ഇന്ത്യയിൽ മാത്രമാണ് രാഷ്ട്രീയ മുന്നേറ്റങ്ങളിൽ ആത്മീയത ഉൾച്ചേരുന്നത്. ഇന്ത്യയിൽ മാത്രമാണ് ഒരു ആത്മീയ പ്രസ്ഥാനത്തിന്റെ വാർഷികം അമൃത് മഹോത്സവ് എന്ന പേരിൽ കൊണ്ടാടപ്പെടുന്നത്,’ മോദി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം ആഘോഷിക്കപ്പെടുമ്പോൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത സന്യാസിമാരുടെയും ഗുരുക്കൻമാരുടെയും പങ്ക് ഒരിക്കലും മറക്കാൻ പാടില്ലെന്നും, അവ പുതിയ തലമുറയ്ക്ക് വ്യക്തമാക്കി നൽകണമെന്നും മോദി കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കെയാണ് പുതിയ പദ്ധതികളുമായി മോദിയും യോഗിയും യു.പിയിൽ സജീവമാവുന്നത്. കാശി ക്ഷേത്രവുമായി ബന്ധപ്പെട്ട് ശതകോടികളുടെ പദ്ധതിയാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, കഴിഞ്ഞ ദിവസം മോദി യു.പിയിൽ ഉദ്ഘാടനം ചെയ്തത്.