നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ സംവിധായകൻ നാദിർഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പ് ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. 2017ൽ നടന്നതായി പറയപ്പെടുന്ന വധ ഗൂഢാലോചനയ്ക്ക് ശേഷം നാദിർഷയും ദിലീപുമായി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് മൂന്ന് ദിവസങ്ങൾക്കുമുൻപ് ചോദ്യം ചെയ്യൽ നടന്നത്.
വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമായിരുന്നു നാദിർഷ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി രണ്ട് ആഴ്ചകൾക്കുമുൻപ് നാദിർഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. രണ്ട് സിഐമാരും എസ്പിയുമടങ്ങുന്ന സംഘമാണ് നാദിർഷയെ ചോദ്യം ചെയ്തത്. സിനിമാ പ്രൊജക്ടുകളും സാമ്പത്തിക ഇടപാടുകളും മാത്രമാണ് ദിലീപുമായി ഉള്ളതെന്ന് നാദിർഷ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം.
വധഗൂഡാലോചന കേസിൽ പ്രതികൾ അവസാനം നൽകിയ ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് ലഭിക്കും. ഫോണിൽ നിന്ന് നിർണ്ണായക തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് . ഇതിനിടയിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ ക്രൈം ബ്രാഞ്ച് സജീവമാക്കി.ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുകാട്ടി ദിലീപിന് ഉടൻ നോട്ടിസ് നൽകും. പ്രതികളുടെ ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെയും വരും ദിവസങ്ങളിൽ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം ദിലീപിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്തിരുന്നത്.കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും കൂട്ടുപ്രതികളെയും ഉടൻ തന്നെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെയാണ് ചോദ്യം ചെയ്യുക.നേരത്തെ ക്രൈംബ്രാഞ്ചിന് ലഭിച്ച ദിലീപിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ദിലീപ് ഹാജരാക്കിയ ആറു ഫോണുകളുടെ പരിശോധന ഫലം വെള്ളിയാഴ്ച ലഭിക്കുമെന്നാണ് വിവരം.
വധഗൂഢാലോചന നടത്തി എന്നതിന് തെളിവുകളില്ലെന്നും അതുകൊണ്ട് എഫ്.ഐ.ആർ തന്നെ നിലനിൽക്കില്ലെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയെ എതിർത്ത് കക്ഷി ചേരാനാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.