ഗര്‍ഭിണിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു;ഭര്‍ത്താവ് ഒളിവിൽ

0
159

ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കണ്ണൂരിലാണ് സംഭവം.അഞ്ചരക്കണ്ടി പനയത്താംപറമ്പ് സ്വദേശി പ്രിമ്യയെയാണ് ഭർത്താവ് ഷൈനേഷ് കൊലപ്പെടുത്താൻ ശ്രമിച്ചത്.ഏഴുമാസം ഗർഭിണിയായിരുന്നു പ്രിമ്യ . കഴുത്തിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ  പ്രിമ്യയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അക്രമത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് ഷൈനേഷിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.കുടുംബവഴക്കിനെ തുടർന്നായിരുന്നു ഷൈനേഷ് പ്രീമിയയെ വെട്ടിയത് . കുറച്ചുകാലമായി ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ലെന്ന് പ്രിമ്യ ചക്കരക്കല്‍ പോലീസിന് നൽകിയ  മൊഴിയിൽ പറയുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് പ്രിമ്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുപിന്നാലെ ഷൈനേഷും മാതാവും ചേര്‍ന്ന് പ്രിമ്യയെ തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി.

എന്നാൽ  ഇതിനുശേഷവും പ്രശ്‌നങ്ങള്‍ തുടര്‍ന്നു. ഇതോടെ പ്രിമ്യ വീണ്ടും പനയത്താംപറമ്പിലുള്ള തന്റെ  വീട്ടിലേക്ക് മടങ്ങി പോന്നു. ഇതിനിടയിൽ വ്യാഴാഴ്ച ഉച്ചയോടെ ഷൈനേഷ് വീട്ടിലെതുകയായിരുന്നു ,തുടർന്ന് വീട്ടിലെത്തിയ ഷൈനേഷ്  കത്തി ഉപയോഗിച്ച് പ്രിമ്യയുടെ കഴുത്തിന്റെ മുന്‍ഭാഗത്ത് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു .പരിക്കേറ്റ രക്തം വാർന്ന് കിടന്ന  പ്രിമ്യയെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലുള്ള പ്രിമ്യ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.