കേരളത്തിൽ വരാനിരിക്കുന്നത് വലിയൊരു സംഘർഷം : കെ.മുരളീധരൻ എം.പി

0
147

സിപിഎമ്മിനേയും കെപിസിസിയേയും കടന്നാക്രമിച്ച് കെ. മുരളീധരൻ എം.പി. സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് ശേഷം കേരളത്തില്‍ വലിയൊരു സംഘര്‍ഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് കെ. മുരളീധരന്‍ എം.പി പറ‍ഞ്ഞു. വിദ്യാഭ്യാസ രംഗമൊക്കെ സ്വകാര്യ മേഖലക്ക് വിട്ടുനല്‍കുകയാണ്. ഒരുവശത്ത് വ്യവസായ സൗഹൃദമാണെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, ഉള്ള വ്യവസായമൊക്കെ പൂട്ടിക്കുകയാണ്. ഈ കാര്യങ്ങളിലൊക്കെ ശക്തമായ സമരം വേണ്ട സമയമാണിതെന്നും കെ.പി.സി.സി പുനസംഘടപ്പിക്കേണ്ടതുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരായി ശക്തമായി സമരം ചെയ്യേണ്ട കാലഘട്ടത്തില്‍ കാലാവധി കഴിഞ്ഞ ഒരു കമ്മിറ്റിയുമായി കെ.പി.സി.സി മുന്നോട്ടുപോകുമ്പോള്‍ ഒരു ചെറിയ പ്രയാസമുണ്ട്. കഴിയുന്ന വിധം പരാതി ഒഴിവാക്കി ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് പുനസംഘടനയില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്ന് കെ. മുരളീധരന്‍ പറഞ്ഞു.കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് ഉണ്ടാകും.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എം.പിമാര്‍ പരാതിക്കത്ത് ഹൈക്കമാന്‍ഡിന് നല്‍കിയോ എന്ന് തനിക്ക് അറിയില്ല. പുനസംഘടന നിര്‍ത്തിവച്ചപ്പോള്‍ കെ. പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് പ്രയാസമുണ്ടായിരിക്കാം. കഴിയുന്നത്ര സമവായമുണ്ടാക്കാനാണ് ശ്രമം. പാര്‍ട്ടിയില്‍ ചുരുക്കം ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അത് ഉടന്‍ പരിഹരിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുമായി തനിക്ക് തര്‍ക്കങ്ങള്‍ ഇല്ല. നേരത്തെ ഭിന്നത ഉണ്ടായിരുന്നു. അത് പരിഹരിച്ചെന്നും കെ. മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു