ജീവനോടെയുണ്ടെങ്കിൽ കോടതി മുറിയിൽ എത്താമെന്ന് അഭിഭാഷകൻ : ആശങ്ക ഒടുങ്ങാത്ത മുല്ലപ്പെരിയാർ

0
309

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കെർവ് പ്രകാരം നിലനിർത്തണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി. ഇതോടെ നവംബർ 30-ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് സാധിക്കും. കേസിൽ അടിയന്തര ഉത്തരവിന്റെ ആവശ്യമില്ലെന്ന് കേരളവും സുപ്രീം കോടതിയിൽ വ്യക്തമാക്കി. . മേൽനോട്ട സമിതി അംഗീകരിച്ച റൂൾ കർവ് പ്രകാരം നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ പരമാവധി ജലനിരപ്പായ 142 അടി വെള്ളം സംഭരിക്കാം.

ഇന്നലെ മുതലാണ് പുതിയ റൂൾ കർവ് നിലവിൽ വന്നത്. ഇതിനെതിരെ കേരളം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ജസ്റ്റിസ് എം എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് പൊതുതാത്പര്യ ഹർജികൾ പരിഗണിച്ചത്. നിലവിൽ വിശദമായി പരിഗണിക്കുന്ന മറ്റ് രണ്ട് കേസ്സുകളുടെ വാദം കേൾക്കൽ പൂർത്തിയായ ശേഷം മുല്ലപെരിയാർ ഹർജികൾ കേൾക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡിസംബർ 10-നാണ് ഹർജികൾ ഇനി പരിഗണിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.

മറ്റ് രണ്ട് കേസുകളുടെ വാദം കേൾക്കൽ അതിന് മുമ്പ് പൂർത്തിയായായാൽ അപ്പോൾ മുല്ലപെരിയാർ കേസ് കേൾക്കുമെന്നും കോടതി വ്യക്തമാക്കിഅണക്കെട്ടിലെ ചോർച്ച സംബന്ധിച്ച റിപ്പോർട്ട് കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന് തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചു. എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരത്ത് ഇരുന്നാണ് ഇന്ന് കേസിൽ ഹാജരാകുന്നത് എന്നും മുല്ലപെരിയാർ അണക്കെട്ടിന് എന്തും സംഭവിക്കാവുന്ന അവസ്ഥ ആണെന്നും പെരിയാർ പ്രൊട്ടക്ഷൻ മൂവേമെന്റിന്റ വേണ്ടി ഹാജരായ അഭിഭാഷകൻ വി.കെ. ബിജു കോടതിയിൽ ചൂണ്ടിക്കാട്ടി. അടുത്ത തവണ ജീവനോടെയുണ്ടെങ്കിൽ കോടതി മുറിയിൽ എത്തി വാദിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.അതേസമയം

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി തുറന്ന മുല്ലപ്പെരിയാർ ഡാം പൂർണമായും അടച്ചു. ഇന്ന് രാവിലെ എട്ട് മണിക്കാണ് തുറന്ന ഒരു ഷട്ടർ അടച്ചത്. 141 അടിയാണ് ഇപ്പോൾ മുല്ലപ്പെരിയാറിൽ ജലനിരപ്പ്. മഴ മാറിയതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് 2000 ഘനയടിക്ക് മുകളിൽ വെള്ളമാണ് കൊണ്ടു പോകുന്നത്.