ആ വീഡിയോ തെറ്റ് ; കരാറുകാരെ മന്ത്രി റിയാസിന് എതിരാക്കാൻ നീക്കം !

0
171

പൊതുമരാമത്ത് വകുപ്പിലെ തട്ടിപ്പും വെട്ടിപ്പും തടയാൻ മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നത് ശക്തമായ നടപടികളാണ്. ഈ നടപടിക്ക് പൊതു സമൂഹത്തിൻ്റെ കയ്യടിയും വ്യാപകമായി ലഭിക്കുന്നുണ്ട്. തെറ്റായ കാര്യങ്ങൾ സംബന്ധിച്ച് പരാതി ആരും നേരിട്ട് നൽകിയില്ലങ്കിലും ഒരു വീഡിയോ ശ്രദ്ധയിൽപ്പെട്ടാൽ പോലും കർശന നടപടിക്ക് നിർദ്ദേശം നൽകുന്നതാണ് മന്ത്രി റിയാസിൻ്റെ രീതി.എന്നാൽ പൊതു സമൂഹത്തിനു ഗുണം ചെയ്യേണ്ട ഇത്തരം മിന്നൽ ഇടപെടലുകൾ ദുരുപയോഗം ചെയ്യാനും ഇപ്പോൾ ചിലർ രംഗത്തുണ്ട് എന്നതും ശ്രദ്ധേയമാണ്.


ഇത്തരമൊരു പക വീട്ടലാണ് മട്ടാഞ്ചേരി ജവഹർ റോഡിൽ ഉണ്ടായിരിക്കുന്നത്.പൊതുമരാമത്ത് വകുപ്പിനു വേണ്ടി ഇവിടെ കാനയുടെ പ്രവർത്തി നടത്തുന്നത്.മട്ടാഞ്ചേരിയിലെ പി ഡബ്ല്യൂഡി കോൺട്രാക്ടർ പി.വി സദാനന്ദൻ്റെ നേതൃത്വത്തിലാണ്. കൊച്ചി എം.എൽ.എ ആയ മാക്സിയുടെ മണ്ഡലമാണിത്.പ്രവർത്തി നടക്കുന്ന വാർഡ് ആകട്ടെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച വാർഡുമാണ്.

ഇവിടെ 60 ശതമാനത്തോളം വർക്ക് കഴിഞ്ഞതോടെ,
‘വെള്ളത്തിൽ’ കോൺക്രീറ്റ്  ചെയ്തു എന്ന ആരോപണമുയർത്തി, ബി.ജെ.പി പ്രവർത്തകനായ ഒരാൾ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റാണ് ചിലർ വിവാദമാക്കിയത്. ഇതു മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ, മിന്നൽ വേഗത്തിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്യുകയുണ്ടായി. ഇപ്പോൾ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നീക്കവും തകൃതിയായി നടക്കുകയാണ്.

എന്നാൽ, യഥാർത്ഥത്തിൽ അവിടെ സംഭവിച്ചത് മറ്റൊന്നാണ്. വീഡിയോ പകർത്തിയ ദിവസം അവിടെ പ്രവർത്തി നടന്നിരുന്നില്ല. അന്നു
കോൺക്രീറ്റ് നനക്കാൻ ചുമതലപ്പെട്ട ബംഗാളികളായ ജോലിക്കാരോട്, സമീപത്തെ ഹോം സ്റ്റേയിലെ ഉടമയായ ബി.ജെ.പി പ്രവർത്തകൻ, ആ ഭാഗത്ത് നിർബന്ധിച്ച്, രണ്ടാമതും വെയറിങ്ങ് കോട്ട് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.അത് വെള്ളത്തിൽ പണിക്കാർ ചെയ്യുന്നത്, അയാൾ തന്നെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. ഇതിന് നിരവധി ദൃക്സാക്ഷികളും ഉണ്ട്.

നബിദിനം പ്രമാണിച്ച് പ്രവർത്തി ഇല്ലാത്തതിനാൽ, ഉദ്യോഗസ്ഥരും കോൺട്രാക്ടറും സ്ഥലത്ത് ഇല്ലാതിരുന്നതാണ് ഈ ഇടപെടലിനും വ്യാജ പ്രചരണത്തിനും കാരണമായിരുന്നത്. മന്ത്രി നേരിട്ട് നടപടി എടുത്തതോടെ മാധ്യമങ്ങളിലും സംഭവം വാർത്തയായി. എന്നാൽ പിന്നീട് സംഭവസ്ഥലത്തു പോയി അന്വേഷിച്ച മാധ്യമ പ്രവർത്തകർക്കും, അവിടെ നടന്നത് ഒരു ‘പക’ പോക്കൽ ആണെന്ന് ബോധ്യപ്പെടുകയുണ്ടായി.

യഥാർത്ഥത്തിൽ ഇവിടെ, രണ്ടാമത് വെയിറങ് കോട്ട് ഇടണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. പി.ഡബ്യൂഡി വിജിലൻസ് പരിശോധനയിലും കരാറുകാരൻ്റെ ഭാഗത്ത് തെറ്റ് കണ്ടെത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ, ഈ റിപ്പോർട്ട് മറികടന്ന് കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കം അണിയറയിൽ നടക്കുന്നുണ്ട് എന്നാണ് അറിയുന്നത്. അങ്ങനെ സംഭവിച്ചാൽ, കരാറുകാരെ ആകെ, മന്ത്രിക്കെതിരാക്കാനാണ് അത് ഇടവരുത്തുക. കരാറുകാരൻ കോടതിയെ സമീപിച്ചാലും, സർക്കാറിന് അത് വൻ തിരിച്ചടിയാകും.