മധ്യപ്രദേശില്‍ ചത്തുപോയ കുരങ്ങന്റെ ‘സംസ്‌കാര ചടങ്ങില്‍’ കോവിഡ് മാനദണ്ഡം ലംഘിച്ച് ആളുകള്‍ കൂട്ടംകൂടിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. മദ്ധ്യപ്രദേശിലെ രാജ്ഗഢിലെ ദാലുപുര ഗ്രാമത്തിൽ ആണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുരങ്ങിന്റെ സംസ്‌കാര ചടങ്ങിൽ 1500ഓളം ജനങ്ങൾ പങ്കെടുത്തത് .ഡിസംബർ 29നായിരുന്നു വിചിത്രമായ ഈ സംഭവം നടക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആൾക്കൂട്ടം പാടില്ലെന്ന കർശന നിയന്ത്രണം നിലനിൽക്കെയായിരുന്നു ജനങ്ങൾ ഒത്തുകൂടിയത്.
സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.സംസ്‌കാരം നടക്കുന്ന ഇടത്തേക്ക് കുരങ്ങന്റെ ജഡവും വഹിച്ച് ആളുകള്‍ കൂട്ടത്തോടെ നടന്നുപോവുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗ്രാമത്തിലെ സ്ഥിരം സന്ദര്‍ശകനും ഗ്രാമത്തിലുള്ളവരുടെയെല്ലാം പ്രിയങ്കരനുമായിരുന്നു ചത്ത കുരങ്ങൻ .ഈ കുരങ്ങന്റെ സംസ്‌കാരത്തിനായിട്ടാണ് പ്രത്യേക ചടങ്ങ് ഗ്രാമവാസികൾ സംഘടിപ്പിച്ചത്.മന്ത്രങ്ങൾ ഉരുവിട്ടും ഒരാൾ മതാചാരപ്രകാരം തലമുണ്ഡനം ചെയ്തുമൊക്കെയാണ് ഗ്രാമത്തിലുള്ളവരുടെയെല്ലാം പ്രിയങ്കരനായിരുന്ന കുരങ്ങിന് ജനങ്ങൾ അന്തിമോപചാരമർപ്പിച്ചത്.
കൂടാതെ അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം ഗ്രാമവാസികളില്‍ നിന്ന് പിരിവെടുത്ത് 1500ലധികം പേര്‍ക്ക് പ്രത്യേക വിരുന്നും സംഘാടകര്‍ ഒരുക്കിയിരുന്നു .ഇതിന് വേണ്ടി ക്ഷണക്കത്തുകൾ തയാറാക്കി വിതരണം ചെയ്തിരുന്നു. സ്‌ത്രീകളും കുട്ടികളുമടക്കം ആളുകൾക്ക് ഭക്ഷണം കഴിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.എന്തായാലും കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിൽ മധ്യപ്രദേശിൽ 144 പ്രഖ്യാപിച്ച സമയത്തായിരുന്നു ഈ ഒത്തുചേരൽ നടന്നിരിക്കുന്നത് .സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ഗ്രാമവാസികള്‍ പോലീസ് നടപടി ഭയന്ന് ഒളിവിലാണ് എന്നാണ് സൂചന .