മോഹൻലാല്‍-മഞ്ജു വാര്യര്‍ ജോഡിയെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടി എത്തുന്ന സിനിമ ആറാംതമ്പുരാൻ തന്നെ ആയിരിക്കും. ഇരുവരുടെയും കരിയറില്‍ നിര്‍ണായകമായ ഒരു പങ്ക് വഹിച്ച സിനിമ കൂടിയാണ് ആറാംതമ്പുരാൻ. മലയാളത്തിലെ മാസ് സിനിമകളുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ അതില്‍ ഒന്നാമതായി ആറാം തമ്പുരാനുണ്ടാകും എന്നുറപ്പാണ്. മോഹന്‍ലാലും മഞ്ജു വാര്യരും മത്സരിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ആറാംതമ്പുരാൻ. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രി തുടക്കം മുതൽ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യർ എത്തുന്നു എന്നറിയുമ്പോള്‍ മുതല്‍ തന്നെ ആരാധകരും ആവേശത്തിലാവാറുണ്ട്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ആദ്യം സിനിമയില്‍ വന്നപ്പോൾ തോന്നിയ അതേ പേടിയും നെഞ്ചിടിപ്പും ഇപ്പോഴുമുണ്ടാവാറുണ്ടെന്നാണ് മഞ്ജു വാര്യർ പറയാറുള്ളത്. സര്‍വ്വകാല വിജയം ആയിരുന്നു ആറാംതമ്പുരാൻ. മലയാള സിനിമയിലെ സകല റെക്കോഡ് കളക്ഷനും ആറാംതമ്പുരാന്റെ കുത്തൊഴുക്കിൽ ഒഴുകി പോയെന്നു വേണം പറയാൻ. ഇപ്പോഴിതാ ആറാം തമ്പുരാനില്‍ മോഹൻലാലിനൊപ്പം കോമ്പിനേഷൻ സീനുകള്‍ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് തന്നോടൊപ്പം അഭിനയിക്കാൻ താല്‍പര്യമില്ലെന്ന തോന്നല്‍ തനിക്കുണ്ടായിരുന്നുവെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. എന്നാല്‍ ഡബ്ബിങ് തിയേറ്ററില്‍ എത്തിയപ്പോള്‍ ആ തെറ്റിദ്ധാരണ മാറിയെന്നും മഞ്ജു വാര്യര്‍ പറയുന്നു. മലയാളത്തിലെ ഒരു സ്വകാര്യ ചാനൽ പരിപാടിയില്‍ മോഹൻലാലിനൊപ്പം പങ്കെടുത്ത് സംസാരിക്കവെയാണ് ആറാം തമ്പുരാൻ ഷൂട്ടിങ് അനുഭവം മഞ്ജു വാര്യര്‍ പങ്കുവെച്ചത്. ഇപ്പോഴും ലാലേട്ടന് മുന്നില്‍ നില്‍ക്കുമ്പോഴും ഒരു സീനില്‍ അഭിനയിക്കുമ്പോഴും എനിക്ക് അന്നുണ്ടായ അതേ വിറയലും പേടിയുമൊക്കെയുണ്ട്.
വേറൊരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആറാം തമ്പുരാനിലേക്ക് എനിക്ക് ക്ഷണം വരുന്നത്. അന്ന് എല്ലാവരും എന്നെ അഭിനന്ദിച്ചു. ഏറ്റവും വലിയ കാര്യമല്ലേ നടക്കാന്‍ പോകുന്നത് എന്ന് പറഞ്ഞു.”അന്നുവരെ ഞാന്‍ ലാലേട്ടനെ നേരിട്ട് കണ്ടിട്ടില്ല. സിനിമ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ അദ്ദേഹത്തെ നേരിട്ട് കാണാന്‍ പറ്റുമല്ലോ എന്ന എക്‌സൈറ്റ്‌മെന്റായിരുന്നു എനിക്ക്. സെറ്റില്‍ വന്നപ്പോഴും ഞാന്‍ ലാലേട്ടനോട് ഒരുപാട് സ്‌നേഹത്തോടെ സംസാരിക്കും. അപ്പോഴും ഞാന്‍ ദൂരെ മാറി നിന്ന് പേടിയോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹത്തെ കണ്ടു നിന്നത്.’എന്നാല്‍ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലാലേട്ടന്‍ വളരെ ലാഘവത്തോടെ ഈസിയായിട്ടാണ് ചെയ്യുന്നത്. ഞാന്‍ പുതിയ ആളായതുകൊണ്ട് എന്റെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതെന്ന് തോന്നി. വെറുതെ തോന്നിയതാണ്. എന്നാല്‍ അതിന് ശേഷം അതേ സീന്‍ ഡബ്ബിങ് തിയേറ്ററില്‍ കണ്ടപ്പോഴാണ് ലാല്‍ മാജിക് എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. കണ്‍മുന്നില്‍ കണ്ടതിലും പതിനായിരം മടങ്ങ് സ്‌ക്രീനില്‍ അത് റീ പ്രൊഡ്യൂസ് ചെയ്ത് കാണുക എന്ന മാജിക് ഞാന്‍ നേരിട്ട് കണ്ടത് ആറാം തമ്പുരാന്റെ ഷൂട്ടിനിടയിലാണെന്നും’, മഞ്ജു വാര്യര്‍ പറഞ്ഞു.വിസ്മയം എന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ലാലേട്ടനെ ബന്ധപ്പെടുത്തിയാണെന്നും അത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കുന്ന സ്‌ക്രീന്‍ പ്രസന്‍സും മാജിക്കുമാണ് അദ്ദേഹത്തില്‍ നിന്ന് വരികയെന്നും മഞ്ജു പറഞ്ഞു. നടിയുടെ സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് മോഹൻലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു… ‘അതുപോലെ ഒരു മാജിക്കുള്ള കുട്ടിയാണ് മഞ്ജു വാര്യര്‍ എന്നും. നമ്മള്‍ കാണുന്ന ഈ മഞ്ജുവല്ല ഒരു സീന്‍ ചെയ്യുന്ന സമയത്തെന്നും അങ്ങനെ സാധിക്കുന്നത് ഒരു ഭാഗ്യവും അത്ഭുതവുമാണെന്നുമായിരുന്നു’, മോഹന്‍ലാല്‍ പറഞ്ഞത്. ആറാം തമ്പുരാനില്‍ മഞ്ജുവിന്റെ കഥാപാത്രമായ ഉണ്ണിമായയെ ജഗന്നാഥന്‍ ആദ്യമായി കണ്ടുമുട്ടുന്ന സീനില്‍ മഞ്ജുവിന്റെ പെര്‍ഫോമന്‍സ് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.