മീഡിയവൺ സംപ്രേഷണ വിലക്ക് തുടരും ;അപ്പീൽ തള്ളി ഡിവിഷൻ ബെഞ്ച്

0
68

മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ്  ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് അപ്പീൽ  തള്ളിയത്.ഇതോടെ വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മീഡിയവണ്‍ മാനേജ്‌മെന്റ് അറിയിച്ചു.

ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഫെബ്രുവരി എട്ടിനാണ് സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നാണ് അപ്പീൽ ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ കക്ഷികളായാണ് ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത് . മീഡിയവണിന് വേണ്ടി സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും കേന്ദ്ര സർക്കാറിന് വേണ്ടി അഡീ. സോളിസിറ്റർ ജനറൽ അമൻ ലേഖിയും ഹാജരായാണ് വാദം നടത്തിയത്.

ചാനലിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേർപ്പെടുത്തിയിരുന്നത് എന്നാല്‍ എന്തൊക്കെ കാരണങ്ങളാലാണ് തങ്ങളെ വിലക്കിയതെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ഹരജിക്കാരുടെ വാദം.