ട്രോളിന് തൽക്കാലം വിട മരയ്ക്കാർ ഓസ്കാർ നോമിനേഷനിൽ

0
118

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡ്സ്-2021നുള്ള ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന്‍ പട്ടികയിലാണ് മരക്കാര്‍ ഇടംപിടിച്ചിരിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളില്‍ ദേശീയ പുരസ്‌കാരം നേരത്തെ ചിത്രത്തിന് ലഭിച്ചിരുന്നു.

മരക്കാറിനെ കൂടാതെ സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഗോത്രവിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പറഞ്ഞ ചിത്രം മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള നോമിനേഷന്‍ പട്ടികയിലാണ് ഇടംനേടിയിരിക്കുന്നത്.

മോഹന്‍ലാല്‍, നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന മുടക്കുമുതലുള്ള ചിത്രം 100 കോടി ചെലവിട്ടാണ് നിര്‍മിച്ചത്. ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം റിലീസിന് മുന്‍പ് തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.