വിവാഹച്ചടങ്ങിനിടെ  വെടിവെപ്പ് ; ഒരാള്‍ക്ക് ദാരുണാന്ത്യം

0
112

മധ്യപ്രദേശിൽ  വിവാഹച്ചടങ്ങിനിടെ ഉണ്ടായ  വെടിവെപ്പില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ജയ് ശ്രീറാം വിളിച്ചെത്തിയ തീവ്ര വലതുപക്ഷ പ്രവര്‍ത്തകരാണ് വെടിയുതിർത്തത് എന്നാണ് റിപ്പോർട്ട് . എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥരീകരിച്ചിട്ടില്ല. ജയ്ശ്രീറാം മുഴക്കിക്കൊണ്ടായിരുന്നു ആക്രമണം. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.അക്രമികളുടെ വെടിയേറ്റ് ഗുരുതരമായ പരിക്കേറ്റ മുന്‍ സര്‍പഞ്ച് ദേവിലാല്‍ മീണയാണ് കൊല്ലപ്പെട്ടത്.

സംഭവത്തെ തുടർന്ന് ഇന്നലെ വൈകിട്ട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജയിലിൽ കഴിയുന്ന ആൾദൈവം രാംപാലിന്റെ അനുയായികൾ സംഘടിപ്പിച്ച കല്യാണ ചടങ്ങിനിടെയായിരുന്നു വെടിവെപ്പുണ്ടായത് . ഹരിയാന സ്വദേശിയായ രാംപാൽ അഞ്ച് സ്ത്രീകളും ഒരു കൈക്കുഞ്ഞും അടക്കം ആറ് പേരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.

രാമെയ്നി എന്ന പേരില്‍ 17 മിനിറ്റ് മാത്രം എടുക്കുന്ന വ്യത്യസ്തമായ വിവാഹ ചടങ്ങാണ് നടന്നതെന്ന് രാംപാലിന്റെ അനുയായികള്‍ പറയുന്നു. എന്നാൽ ഇത്തരം വിവാഹം ഹിന്ദുമതത്തിന് വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.കുറുവടികളും മുളവടികളുമായണ് അക്രമികൾ കല്യാണ സ്ഥലത്തേക്ക്  എത്തിയത്. ബഹളത്തിനിടയിൽ മുൻ സർപഞ്ച് ദേവിലാൽ മീണയ്ക്ക് വെടിയേൽക്കുകയായിരുന്നു .ഇദ്ദേഹത്തെ ഉടൻതന്നെ  രാജസ്ഥാനിലെ കോട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .

ആക്രമണം നടത്തിയത് വി.എച്ച്.പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വി.എച്ച്.പി ബ്ലോക്ക് പ്രസിഡന്റ് ശൈലേന്ദ്ര ഓജയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും ആരോപണമുണ്ട്. വിവാഹത്തിനെത്തിയ അക്രമികളിൽ തിരിച്ചറിഞ്ഞ 11 പേർക്കെതിരെയും അല്ലാത്തവർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ ഹിന്ദുത്വസംഘടനകളുടെ പങ്ക് അന്വേഷിക്കുമെന്നും കേസില്‍ മൂന്നുപേരെ ഇതിനകം അറസ്റ്റുചെയ്തിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.