2021 ലെ ഒടുങ്ങാത്ത പ്രണയപ്പകകൾ

0
150

2021 പിൻവാങ്ങി പുതിയ ഒരു വര്ഷം പിറക്കുന്നതിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുകയാണ് .ക്രൂരമായ നിരവധി കൊലപാതകങ്ങളാണ് നടന്നത് .  പ്രണയപകയുടെ പേരിലുള്ള  ക്രൂരമായ കൊലപാതകങ്ങള്‍ക്കും  കേരളം സാക്ഷ്യംവഹിച്ചു. സൗഹൃദം അല്ലെങ്കിൽ പ്രണയം  നിരസിച്ചാലുടന്‍ ജീവനെടുക്കുകയെന്ന ക്രൂരമനസിന്റെ പ്രതിഫലനങ്ങളായിരുന്നു ഇവിടെയെല്ലാം കണ്ടത്. പ്രണയപകയുടെ പേരില്‍ 5  അരുംകൊലകളാണ് കേരളത്തില്‍ കഴിഞ്ഞവർഷം നടന്നത് .ഏതൊക്കെയാണ് ആ കൊലപാതകങ്ങൾ എന്ന് നോക്കാം .

 

ജൂലായ് 30-ാം തീയതി വൈകിട്ടാണ് കോതമംഗലത്ത് ബി.ഡി.എസ്. വിദ്യാര്‍ഥിയായിരുന്ന മാനസയെ രഖില്‍ എന്ന യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. സൗഹൃദം നിരസിച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. മാനസ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തി കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. കൃത്യം നടത്തിയ ശേഷം രഖില്‍ സ്വയം നിറയൊഴിച്ച് മരിക്കുകയും ചെയ്തു.

2021 ഒക്ടോബര്‍ ഒന്നാം തീയതി രാവിലെ പാലാ സെന്റ് തോമസ് കോളേജില്‍വെച്ചാണ് തലയോറപ്പറമ്പ് സ്വദേശിനി നിഥിനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനിയായ നിഥിനയെ പരീക്ഷയ്ക്കായി കോളേജില്‍ വന്നപ്പോഴാണ് സഹപാഠിയായ അഭിഷേകിന്റെ കൊലക്കത്തിക്കിരയായത്. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കോളേജ് ക്യാമ്പസിനുള്ളില്‍വെച്ചാണ് അഭിഷേക് നിഥിനയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കേസില്‍ അഭിഷേകിനെ പോലീസ് കൈയോടെ പിടികൂടി.

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലാണ് പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശി ദൃശ്യയുടെയും ജീവന്‍ പൊലിഞ്ഞത്. പ്ലസ്ടുവില്‍ ദൃശ്യയ്ക്കൊപ്പം സ്‌കൂളില്‍ പഠിച്ചിരുന്ന വിനീഷായിരുന്നു കൊടുംക്രൂരതയ്ക്ക് പിന്നില്‍. പ്രണയാഭ്യര്‍ഥനയുമായി ഇയാള്‍ പലതവണ ദൃശ്യയെ ശല്യംചെയ്തിരുന്നു. ശല്യം തുടര്‍ന്നപ്പോള്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഇരുവീട്ടുകാരെയും വിളിപ്പിച്ച് യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചു. ഈ സംഭവത്തിന് പിന്നാലെയായിരുന്നു വിനീഷിന്റെ പ്രതികാര കൊലപാതകം.

2021 ഓഗസ്റ്റ് 30-നാണ് തിരുവനന്തപുരം നെടുമങ്ങാട്ടെ വീട്ടില്‍വെച്ച് സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അരുണ്‍ മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് സൂര്യയെ കൊലപ്പെടുത്തിയത്. നേരത്തെ അരുണും സൂര്യയും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേറെ വിവാഹിതരായി. അടുത്തിടെ സൂര്യഗായത്രി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൊലപാതകം നടന്നത്.

സൗഹൃദം നിരസിച്ചതിന്റെ പേരിലാണ് കോഴിക്കോട് തിക്കോടിയിലെ കൃഷ്ണപ്രിയയ്ക്കും ജീവന്‍ നഷ്ടമായത്. തിക്കോടി സ്വദേശിയായ നന്ദകുമാറാണ് കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നത്. കൃത്യം നടത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നന്ദകുമാറും പിന്നീട് മരിച്ചു.