സിപിഎമ്മിനെ കോവിഡ് പിടിക്കില്ല : സമ്മേളനം നടക്കട്ടെ

0
141

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ സി.പി.ഐ.എം പാർട്ടി സമ്മേളനങ്ങൾ നടത്തുന്നതിൽ ന്യായീകരണവുമായി സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എന്നാണ് എം.എ. ബേബി പ്രതികരിച്ചത്. സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതുമടക്കമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും അദ്ദേഹം ന്യായീകരിച്ചു.

”എല്ലാം അടച്ചിടണം, ഇല്ലെങ്കിൽ ഒരു നിയന്ത്രണവും വേണ്ട എന്നീ രണ്ട് നിലപാടും ശരിയല്ല. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നതാണ് ശാസ്ത്രീയ രീതി. ശാരീരിക അകലം പാലിച്ചാണ് സി.പി.ഐ.എം സമ്മേളനങ്ങൾ നടത്തുന്നത്,” എം.എ. ബേബി പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങളിലെ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത് സി.പി.ഐ.എമ്മിന് പാർട്ടി സമ്മേളനങ്ങൾ നടത്താൻ വേണ്ടിയാണെന്നും സമ്മേളനങ്ങൾക്കായി കൊവിഡ് ചട്ടങ്ങൾ അട്ടിമറിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. പാർട്ടി സമ്മേളനങ്ങളിലൂടെ നിരവധി പേർക്ക് രോഗം പടരുന്നുണ്ടെന്നും നേതാക്കൾ വിവിധ ജില്ലകളിലെത്തി രോഗം പടർത്തുകയാണെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

”തിരുവനന്തപുരം ജില്ലയിലെ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി, എം.എൽ.എമാർ, നൂറുകണക്കിന് നേതാക്കൾ എന്നിവർക്കെല്ലാം വ്യാപകമായി കൊവിഡ് ബാധിച്ചു.പരിപാടിയിൽ പങ്കെടുത്ത നേതാക്കൾ ക്വാറന്റൈനിൽ പോവാതെ ഓരോ ജില്ലകളിലും രോഗവാഹകരായി നടന്ന് രോഗം വിതരണം ചെയ്യുകയാണ്. പാർട്ടിക്ക് വേണ്ടി കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് അപഹാസ്യമാണ്,” പ്രതിപക്ഷ നേതാവ് പറഞ്ഞു.