പത്തനംതിട്ട ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടി

0
111

പത്തനംതിട്ട ആങ്ങാമൂഴിയിൽ നിന്ന് പുലിയെ പിടികൂടി. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുലിയെ വനം വകുപ്പ് വല വിരിച്ച് കൂട്ടിലാക്കുകയായിരുന്നു. പ്രാഥമിക നിഗമനം അനുസരിച്ച് ഒരു വയസിൽ താഴെയുള്ള പുലിയാണെന്നാണ് വിവരം.അപ്രതീക്ഷമായി മുരൾച്ച കേട്ടെത്തിയ പ്രദേശവാസികൾ സംശയം തോന്നി നോക്കിയപ്പോൾ അവശ നിലയിൽ കിടക്കുകയായിരുന്ന പുലിയെ കണ്ടെത്തുന്നത് .

വനമേഖലയോട് ചേർന്ന പ്രദേശത്ത്, ആങ്ങാമൂഴിയിലെ സുരേഷ് എന്നയാളുടെ വീടിന്റെ പരിസരത്ത് നിന്നാണ് പുലർച്ചെ പുലിയെ കണ്ടെത്തിയത്. ആട്ടിൻകൂടിനോട് ചേർന്ന ഭാഗത്തായിട്ടായിരുന്നു പുലി. ഉടൻ തന്നെ പോലീസിനേയും വനംവകുപ്പിനേയും വിവരമറിയിച്ചു. ആർ.ആർ.പി സംഘമെത്തി വലവിരിച്ച് പുലിയെ കൂട്ടിലാക്കുകയായിരുന്നു. പരിക്കേറ്റ് അവശനിലയിലായത് കൊണ്ട് തന്നെ പുലി ആരേയും ആക്രമിക്കാനോ ചാടിപ്പോകാനോ ശ്രമിച്ചിരുന്നില്ല.