ജയിലറിന് ശേഷം കോളിവുഡില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് വിജയിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ലിയോയുടെ പ്രത്യേകത . മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒരുമിക്കുമ്പോള്‍ കരിയറിലെ ഏറ്റവും വലിയ വിജയം വിക്രം നല്‍കിയ ആത്മവിശ്വാസവും കൈമുതലായുണ്ട്. ബിഗ് ബജറ്റില്‍ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഒക്ടോബര്‍ 19 ന് ആണ്. ചിത്രം സൃഷ്ടിച്ചിരിക്കുന്ന ഹൈപ്പ് മനസിലാക്കി മികച്ച പബ്ലിസിറ്റിയുമായാണ് നിര്‍മ്മാതാക്കള്‍ ലിയോ തിയറ്ററുകളിലേക്ക് എത്തിക്കുക. ഇതിന്റെ ഭാഗമായി ലിയോ തെലുങ്ക് പതിപ്പിന്‍റെ പോസ്റ്റര്‍ പുറത്തു വിട്ടു . ക്ഷമയോടെ ഇരിക്കൂ, യുദ്ധം ഒഴിവാക്കൂ എന്ന് എഴുതിയ പോസ്റ്ററില്‍ വിജയ് മാത്രമാണ് ഉള്ളത്. റിലീസിന്‍റെ ആദ്യ മിനിറ്റ് മുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആരാധകരുടെ കൈയടി നേടിയ പോസ്റ്റര്‍ ഒരു റെക്കോര്‍ഡും സ്വന്തമാക്കി.ഇന്‍സ്റ്റഗ്രാമില്‍ ഒരു ഇന്ത്യന്‍ സിനിമയുടെ പോസ്റ്ററിന് ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ (10 ലക്ഷം) ലൈക്ക് എന്ന നേട്ടമാണ് ലിയോയുടെ ഈ പോസ്റ്റര്‍ സ്വന്തമാക്കിയിരിക്കുന്നത്. വെറും 32 മിനിറ്റ് കൊണ്ടാണ് പോസ്റ്ററിന് ഒരു മില്യണ്‍ ലൈക്കുകള്‍ ലഭിച്ചത്. ഇതോടെ രണ്ടാം സ്ഥാനത്തേക്ക് നീങ്ങിയത് അല്ലു അര്‍ജുന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പ 2 ന്‍റെ പോസ്റ്റര്‍ ആണ്. അല്ലു അര്‍ജുന്‍ മുന്‍പ് പങ്കുവച്ച പുഷ്പ 2 പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണ്‍ ലൈക്കുകള്‍ നേടിയത് ഒരു മിനിറ്റ് അധികം എടുത്തായിരുന്നു. ആതായത് 33 മിനിറ്റ് എടുത്താണ് വൺ മില്യൺ നേടിയത്. ചിത്രത്തിന്റെ ആദ്യമിറങ്ങിയ പോസ്റ്ററിൽ നിന്നും തീർത്തും വ്യത്യസ്തമായ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
രക്തം തെറിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അക്രമാസക്തനായ വിജയിയെ ആയിരുന്നു കാണാൻ സാധിച്ചതെങ്കിൽ ഇപ്പോഴിറങ്ങിയിരിക്കുന്ന പോസ്റ്ററിൽ ശാന്തനായ മഞ്ഞിലൂടെ ഓടി വരുന്ന വിജയിയെ ആണ് കാണാൻ സാധിക്കുന്നത്. അതേസമയം, ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ലിയോ’ ഒക്ടോബർ 19 നാണ് പ്രദർശനത്തിനെത്തുക. സെപ്റ്റംബർ 30ന് ‘ലിയോ’യുടെ ഓഡിയോ ലോഞ്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. എവിടെ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഓഡിയോ ലോഞ്ച് തിയതി വന്നതിന് പിന്നാലെ വിജയ് ഫാൻസിനിടയിൽ പ്രധാന ചർച്ച ചടങ്ങിൽ രജനികാന്തിന്റെ ‘കാക്ക- പരുന്ത്’ പരാമർശത്തിന് വിജയ് മറുപടി നൽകും എന്നതാണ്. ജനികാന്തിന്റെ ‘കാക്ക- പരുന്ത്’പരാമർശം വലിയ വിമർശങ്ങനൾക്ക് വഴിയൊരുക്കിയിരുന്നു. ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ രജനീകാന്ത് സംസാരിച്ച വാക്കുകളാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ”പക്ഷികളുടെ കൂട്ടത്തിൽ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തിൽ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാൽ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തിൽ പറക്കും. കാക്കയ്ക്ക് ആ ഉയരത്തിൽ എത്താൻ കഴിയില്ല. ഞാൻ ഇത് പറഞ്ഞാൽ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരാൻ തുടങ്ങും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടിൽ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനി പറഞ്ഞു. നമ്മൾ നമ്മുടെ പണിയുമായി മുന്നോട്ട് പോകാൻ ശ്രമിക്കണം -”എന്ന വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, ഗൌതം മേനോന്‍, മിഷ്കിന്‍, മാത്യു തോമസ്, ബാബു ആന്‍റണി, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്